നഗരസഭ മുന്നിട്ടിറങ്ങി; ശുചിത്വ നഗരമാകാനൊരുങ്ങി തൊടുപുഴ
പൊതുഇടങ്ങള്‍ വൃത്തിയാക്കി തൊടുപുഴയെ ശുചിത്വ നഗരമാക്കാനൊരുങ്ങി നഗരസഭ. മാലിന്യമുക്ത നഗരസഭ എന്ന ലക്ഷ്യത്തിനായി അധികൃതര്‍ മുന്നിട്ടിറങ്ങിയപ്പോള്‍ ആദ്യ ദിവസം വൃത്തിയായത് മങ്ങാട്ടുകവല ഷോപ്പിംഗ് കോംപ്ലക്സും പരിസരവുമാണ്. നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് പൊതുശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. വീടും പരിസരവും സ്ഥാപനങ്ങളും വൃത്തിയാക്കുന്നതിനോടൊപ്പം പൊതുഇടങ്ങളും വൃത്തിയാക്കിയാല്‍ മാത്രമേ മാലിന്യമുക്ത നഗരസഭ എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ സാധിക്കു എന്ന് അദ്ദേഹം പറഞ്ഞു. പട്ടിക തയ്യാറാക്കി അതിന്റെ അടിസ്ഥാനത്തില്‍ നഗരസഭയിലെ എല്ലാ വാര്‍ഡുകളിലെയും പൊതുഇടങ്ങള്‍ രണ്ടാഴ്ച കൂടുമ്പോള്‍ വൃത്തിയാക്കനാണ് പദ്ധതി. മാലിന്യ മുക്തം നവകേരളം കാമ്പയ്ന്‍ 2023 ന്റെ ഭാഗമായാണ് ശുചീകരണം സംഘടിപ്പിച്ചത്. നഗരത്തിലെ വൃത്തിഹീനമായ സ്ഥലങ്ങളിലാണ് മാലിന്യം നിക്ഷേപിക്കപ്പെടുന്നത് എന്ന് തിരിച്ചറിഞ്ഞ് കൃത്യമായ ഇടവേളകളില്‍ ഇത്തരം പൊതുഇടങ്ങള്‍ വൃത്തിയാക്കാനാണ് നഗരസഭാ തീരുമാനം. മാലിന്യം വലിച്ചെറിയല്‍, ഓടകളിലേക്ക് മലിനജലം ഒഴുക്കല്‍ തുടങ്ങിയവയ്ക്കെതിരെ നഗരസഭ കര്‍ശന നടപടി സ്വീകരിക്കുന്നുണ്ട്.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം.എ കരീം ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. തൊടുപുഴ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ജെസ്സി ജോണി, കൗണ്‍സിലര്‍മാരായ മുഹമ്മദ് അഫ്സല്‍, കെ ദീപക് എന്നിവര്‍ സംസാരിച്ചു. കൗണ്‍സിലര്‍മാരായ നിധി മനോജ്, രാജി അജേഷ്, ജിതേഷ് ജി, ടി എസ് രാജന്‍, നീനു പ്രശാന്ത്, സാബിറ ജലീല്‍, ജയലക്ഷ്മി ഗോപന്‍, ബിന്ദു പത്മകുമാര്‍, ഷഹ്ന ജാഫര്‍, റസിയ കാസിം, നഗരസഭ സെക്രട്ടറി ബിജുമോന്‍ ജേക്കബ്, നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാര്‍, ശുചീകരണ വിഭാഗം ജീവനക്കാര്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, റെസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി.