ലക്ഷങ്ങൾ മുടക്കി കെട്ടിടം നിർമ്മിച്ചു; ചതുരംഗപ്പാറ വില്ലേജ് ഓഫീസ് കെട്ടിടം വനത്തിൽ തന്നെ
നെടുങ്കണ്ടം: ഉടുമ്പൻചോലയില്‍ ലക്ഷങ്ങള്‍ മുടക്കി ആധുനിക കെട്ടിടം നിര്‍മിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും ചതുരംഗപ്പാറ വില്ലേജ് ഓഫിസ് കാടിന് നടുവില്‍തന്നെ. ഏറെ പ്രക്ഷോഭങ്ങള്‍ക്കും നീണ്ട കാത്തിരിപ്പിനും ശേഷമാണ് കാടിന് നടുവിലെ വില്ലേജ് ഓഫിസ് മാറ്റാൻ ലക്ഷങ്ങള്‍ മുടക്കി സ്മാര്‍ട്ട് വില്ലേജ് ഓഫിസ് പണികഴിപ്പിച്ചത്. അട്ട, തോട്ടപ്പുഴു, പാമ്പ്, പഴുതാര, നരിച്ചീറ്, കാട്ടുപന്നി തുടങ്ങി കാട്ടാന വരെ എത്തുന്ന പ്രദേശത്താണ് നിലവില്‍ വില്ലേജ് ഓഫിസിന്‍റെ പ്രവര്‍ത്തനം.
പരിഹാരമായാണ് ജനവാസ മേഖലയായ ഉടുമ്പൻചോലയില്‍ പുതിയ കെട്ടിടം നിര്‍മിച്ചത്. മഴക്കാലമായാല്‍ ഓഫിസില്‍ പലപ്പോഴും വൈദ്യുതിയും ഇന്‍റര്‍നെറ്റും ഉണ്ടാവില്ല. ആഴ്ചകള്‍ക്ക് മുമ്പ് വൈദ്യുതിയും ഇന്‍റര്‍നെറ്റും നിലച്ചതിനാല്‍ ഒരാഴ്ചയിലധികം സര്‍ട്ടിഫിക്കറ്റുകളൊന്നും വിതരണം ചെയ്യാൻ കഴിഞ്ഞില്ല. മൊബൈല്‍ റേഞ്ച് കുറവായതിനാല്‍ ജീവനക്കാര്‍ക്ക് വൈഫൈ ഉപയോഗിച്ച് അത്യാവശ്യ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനും കഴിയുന്നില്ല. ജൂലൈ ഒന്ന് മുതല്‍ എല്ലാ വില്ലേജ് ഓഫിസുകളും പേപ്പര്‍രഹിത ഇ-ഓഫിസുകളാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.
പക്ഷേ, ചതുരംഗപ്പാറയില്‍ വൈദ്യുതി, നെറ്റ് തകരാര്‍ മൂലം പഴയ സ്ഥിതി തുടരുകയാണ്. ചതുരംഗപ്പാറയില്‍ ഫോട്ടോസ്റ്റാറ്റ് എടുക്കാൻ സൗകര്യംപോലുമില്ല. ഓഫിസിലെത്തുന്നവര്‍ക്ക് ഈ ആവശ്യത്തിനും ഉടുമ്പൻചോല വരെ പോകണം. വിവിധ ആവശ്യങ്ങള്‍ക്കായി നാട്ടുകാര്‍ ഉടുമ്പഞ്ചോലയിലെത്തി ഓട്ടോ വിളിച്ചുവേണം ചതുരംഗപാറയില്‍ എത്താൻ. തമിഴ്നാട് അതിര്‍ത്തിയായ മാൻകുത്തിമേട് മുതല്‍ സേനാപതി പഞ്ചായത്തിലെ വട്ടപ്പാറവരെ വിസ്തൃതമായ പ്രദേശമാണ് ചതുരംഗപ്പാറ വില്ലേജ്.
തോട്ടം മേഖലയായ ഇവിടെ ജനസാന്ദ്രത കുറവാണ്. 1956ലാണ് ചതുരംഗപ്പാറയില്‍ വില്ലേജ് ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചത്. 1984ല്‍ നിലവിലെ കെട്ടിടം പണികഴിപ്പിച്ചു.കാട്ടാനകളും മറ്റും ജനവാസ മേഖലയിലെത്തുമ്പോള്‍ അപകടസൂചന മുന്നറിയിപ്പ് നല്‍കാൻ സ്ഥാപിച്ച കോളാമ്പി ഭൂതകാലത്തിന്‍റെ അടയാളമായി ഇപ്പോഴും ഇവിടെയുണ്ട്. ഉടുമ്പൻചോല, ചതുരംഗപ്പാറ വില്ലേജുകള്‍ക്കായി ഒരു കോമ്പൗണ്ടിലാണ് കെട്ടിടങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് നിര്‍മാണം പൂര്‍ത്തീകരിച്ച് വൈദ്യുതിയും ലഭ്യമാക്കിയിട്ടുണ്ട്.