കേസൊതുക്കി തീർക്കാൻ ഡ്രൈവറോട് കൈക്കൂലി വാങ്ങിയ എസ് ഐയ്ക്ക് സസ്പെൻഷൻ
അടിമാലി: മദ്യപിച്ച് വാഹനം ഓടിച്ച ഡ്രൈവറെ കേസില്‍ നിന്ന് ഒഴിവാക്കാൻ കൈകൂലി വാങ്ങിയ സംഭവത്തില്‍ അടിമാലി ട്രാഫിക് സ്റ്റേഷനിലെ എസ്.ഐയ്ക്ക് സസ്‌പെൻഷൻ. എസ്.ഐ മുജീബിനെയാണ് റേഞ്ച് ഐ.ജി സസ്‌പെൻഡ് ചെയ്തത്. പൊലീസ് വാഹനത്തിന്റെ ഡ്രൈവര്‍ സിയാ അലിക്കെതിരെയും നടപടി ഉണ്ടാവും. ആറിന് ഉച്ചയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കൊച്ചി- ധനുഷ്കോടി ദേശീയപാതയില്‍ ഈസ്റ്റേണ്‍ സ്‌കൂള്‍പടിയില്‍ പൊലീസ് വാഹനങ്ങള്‍ പരിശോധിക്കുകയായിരുന്നു.
ഈ സമയം ഒരു കാറെത്തി. വാഹനത്തില്‍ ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ഉണ്ടായിരുന്നു. ആല്‍ക്കോ മീറ്റര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തി. കേസ് ഒതുക്കി തീര്‍ക്കാൻ ഡ്രൈവര്‍ സിയാ അലി ആയിരം രൂപ ആവശ്യപ്പെട്ടു.
400 രൂപ നേരിട്ട് നല്‍കി. 600 രൂപ സമീപത്തെ ബജി കടക്കാരന്റെ ഗൂഗിള്‍ പേ നമ്പറില്‍ പൊലീസ് പറഞ്ഞ പ്രകാരം നല്‍കി. വൈകിട്ടോടെ വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് രേഖകള്‍ സഹിതം പരാതി നല്‍കി. തുടര്‍ന്ന് ഇടുക്കി ഡിവൈ.എസ്.പി നടത്തിയ അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. റിപ്പോര്‍ട്ട് ജില്ലാ പൊലീസ് മേധാവി റേഞ്ച് ഐ.ജിയ്ക്ക് കൈമാറി. തുടര്‍ന്നാണ് നടപടി. പൊലീസ് ഡ്രൈവര്‍ക്കുള്ള നടപടിയും അടുത്ത ദിവസം ഉണ്ടാകുമെന്നാണ് വിവരം.