കാടുകയറിയ പടയപ്പയ്ക്കായി തിരച്ചിൽ തുടങ്ങി
മറയൂര്‍: തോട്ടം മേഖലയെ വിറപ്പിക്കുന്ന പടയപ്പ പാമ്പൻമലയില്‍ തമ്പടിക്കുന്നു. കഴിഞ്ഞ രണ്ട് ആഴ്ചയായി പാമ്പൻമല, ചട്ടമൂന്നാര്‍, കാപ്പി സ്റ്റോറിലുമായി കണ്ടുവന്ന പടയപ്പ ഇന്നലെ അപ്രത്യക്ഷമായി. പാമ്പൻമലയ്ക്ക് സമീപം ചോല വനത്തിനുള്ളിലായിരിക്കാം എന്ന നിഗമനത്തിലാണ് വനംവകുപ്പ്.
കഴിഞ്ഞ രാത്രി മുതല്‍ ആര്‍ആര്‍ടി ടീമും തേയിലത്തോട്ട കമ്പനിയിലെ വാച്ചര്‍മാരും പാമ്പൻമലയില്‍ നിരീക്ഷണം നടത്തുകയും കാവല്‍ നില്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി മറയൂര്‍ – മൂന്നാര്‍ റോഡിലും കാപ്പി സ്റ്റോറിലും ചട്ട മൂന്നാറിലും ലയങ്ങളിലും സ്ഥിരമായി കണ്ടുവന്നിരുന്നു.
കഴിഞ്ഞദിവസം പാമ്പൻമലയില്‍ രാജേന്ദ്രന്‍റെ വീട്ടില്‍നിന്ന് അരിയെടുത്തു തിന്നു. ഇത് ആദ്യമായാണ് പടയപ്പ വീടു പൊളിച്ച് ഭക്ഷ്യസാധനങ്ങള്‍ എടുക്കുന്നതെന്ന് തോട്ടം തൊഴിലാളികള്‍ പറയുന്നു.
റാപ്പിഡ് റെസ്പോണ്‍സ് ടീം അംഗങ്ങള്‍ നിരീക്ഷണത്തില്‍ ഉണ്ടെന്നും പടയപ്പയെ കൂടാതെ രണ്ട് കാട്ടാനകളും ഒരു കുഞ്ഞും പ്രദേശത്തുണ്ടെന്നും ഇവകളെ നിരീക്ഷിച്ചുവരുന്നതായും മൂന്നാര്‍ റേഞ്ച് ഓഫീസര്‍ അരുണ്‍ മഹാരാജ പറഞ്ഞു.