സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി: കുടിയൊഴിഞ്ഞത് 34 കുടുംബങ്ങൾ
ഉടുമ്പന്നൂര്‍: വനത്താല്‍ചുറ്റപ്പെട്ട പ്രദേശങ്ങളിലെ കുടുംബങ്ങളെ നഷ്ടപരിഹാരം നല്‍കി കുടിയൊഴിപ്പിച്ച് പുനരധിവസിപ്പിക്കാനുള്ള വനം വകുപ്പിന്‍റെ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയില്‍ രണ്ടു വില്ലേജുകളില്‍നിന്ന് ഇതുവരെ ഒഴിപ്പിച്ചത് 34 കുടുബങ്ങളെ. കഞ്ഞിക്കുഴി പഞ്ചായത്തിലെ കൈതപ്പാറ, മനയത്തടം, ഉടുമ്പന്നൂര്‍ വില്ലേജിലെ മഠത്തിത്തൊട്ടി എന്നിവിടങ്ങളില്‍ നിന്നാണ് ഇത്രയും കുടുംബങ്ങള്‍ സ്വയം കുടിയൊഴിഞ്ഞത്. ഇവര്‍ക്കുള്ള നഷ്ടപരിഹാരമായി 3,37,50,000 രൂപ വിതരണം ചെയ്തു.
രണ്ടുഘട്ടങ്ങളിലായാണ് തുക കൈമാറിയത്. രണ്ടാം ഗഡു കഴിഞ്ഞ മാസം അവസാനത്തോടെ കൈമാറിയതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. 34 കുടുംബങ്ങളുടെ കൈവശമുണ്ടായിരുന്ന 20 ഹെക്ടര്‍ സ്ഥലമാണ് വനംവകുപ്പ് ഏറ്റെടുത്തത്. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിഫ്ബിയില്‍നിന്നുള്ള ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കിവരുന്നത്.
സ്വയംസന്നദ്ധ
പുനരധിവാസ പദ്ധതി
2018-ലെ പ്രളയത്തിനു ശേഷമാണ് സര്‍ക്കാര്‍ സ്വയം സന്നദ്ധപുനരധിവാസ പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കി വരുന്നത്. ഒരു യൂണിറ്റിന് 15 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നല്‍കുന്നത്.
അഞ്ചുസെന്‍റ് മുതല്‍ അഞ്ചേക്കര്‍ വരെ സ്ഥലമുള്ളവരെ ഒരു യൂണിറ്റായാണ് കണക്കാക്കുന്നത്. കുടുംബത്തില്‍ 18 വയസ് പൂര്‍ത്തിയായ മറ്റാരുടെയെങ്കിലും പേരില്‍ ഭൂമിയുണ്ടെങ്കില്‍ അതു മറ്റൊരു യൂണിറ്റായും കണക്കാക്കും.
അഞ്ചേക്കറിനു മുകളില്‍ ഭൂമിയുണ്ടെങ്കിലും മറ്റൊരു യൂണിറ്റാണ്. ആദ്യഗഡുവായി ഏഴര ലക്ഷം രൂപ ലഭിച്ചുകഴിഞ്ഞാല്‍ 30 ദിവസത്തിനകം സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഗവര്‍ണറുടെ പേരില്‍ സ്ഥലം രജിസ്റ്റര്‍ ചെയ്തു നല്‍കണം. ഇതിനു മുന്പായി ഭൂഉടമയും വനംവകുപ്പധികൃതരും സംയുക്തപരിശോധന നടത്തി ജോയിന്‍റ് മഹസറും തയാറാക്കും. വിട്ടുനല്‍കുന്ന സ്ഥലത്ത് വീടൊ മറ്റു നിര്‍മാണങ്ങളോ ഉണ്ടെങ്കില്‍ പൊളിച്ചെടുക്കാം. എന്നാല്‍ പുരയിടത്തില്‍ നട്ടുപിടിപ്പിച്ചതോടെ സ്വയം വളര്‍ന്നതോ ആയ മരങ്ങള്‍ മുറിച്ചുനീക്കാൻ അനുമതിയില്ല.
അപേക്ഷയുമായി കൂടുതല്‍പേര്‍
പദ്ധതിയുടെ ഭാഗമായി കുടിയൊഴിഞ്ഞ കുടുംബങ്ങളില്‍ കൂടുതല്‍പേരും കഞ്ഞിക്കുഴി വില്ലേജില്‍ ഉള്‍പ്പെടുന്ന കൈതപ്പാറ നിവാസികളാണ്. വനംവകുപ്പ് നല്‍കിയ വാഗ്ദാനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയും നഷ്ടപരിഹാരം കൃത്യമായി കൈമാറുകയും ചെയ്തതോടെ സ്വയം കുടിയൊഴിഞ്ഞുപോകാൻ താത്പര്യം അറിയിച്ച് കൂടുതല്‍പ്പേര്‍ അപേക്ഷ നല്‍കാൻ താത്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നു വനംവകുപ്പ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ടി.സി.രാജു പറഞ്ഞു.
കൈതപ്പാറ, ഓലിപ്പാറ, വരിക്കമറ്റം, വേളൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ 61 പേരുടെ അപേക്ഷയില്‍ രേഖകളുടെ പരിശോധനകള്‍ നടന്നുവരികയാണ്. ഇതു പൂര്‍ത്തിയാകുന്ന മുറയ്ക്ക് നഷ്ടപരിഹാര തുക വിതരണം ചെയ്ത് ഭൂമി ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം പട്ടയമുള്ളവരുടെ അപേക്ഷകള്‍ മാത്രമാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. അതിനാല്‍ പട്ടയംലഭിക്കാത്തവര്‍ പ്രതിസന്ധിയിലാണ്.
പുനരധിവാസ പദ്ധതി
സ്വയം കുടിയൊഴിഞ്ഞ കുടുംബങ്ങളെ സഹായിക്കുന്നതിനായി വനംവകുപ്പിന്‍റെ നേതൃത്വത്തില്‍ പുനരധിവാസ പദ്ധതിയും നടപ്പാക്കി വരുന്നുണ്ട്. ആദ്യഘട്ടത്തില്‍ കുടിയൊഴിഞ്ഞ 34 കുടുംബങ്ങളില്‍ താത്പര്യം പ്രകടിപ്പിച്ച ഒന്പതു കുടുംബങ്ങള്‍ക്കുള്ള നൈപുണ്യ പരിശീലനം നല്‍കി കഴിഞ്ഞു. തയ്യല്‍, കംപ്യൂട്ടര്‍ പരിജ്ഞാനം, ഡ്രൈവിംഗ്, യന്ത്രം ഉപയോഗിച്ച് പുല്ലുവെട്ടല്‍, കന്നുകാലി-ആട് വളര്‍ത്തല്‍ തുടങ്ങിയ മേഖലകളിലാണ് പരിശീലനം നല്‍കുന്നത്.
ഓരോ കുടുംബത്തിനും സ്വയം തൊഴിലിന് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 25,000 രൂപയും അനുവദിക്കും. പണം നേരിട്ട് കൈമാറില്ല. തങ്ങള്‍അധിവസിച്ചുവന്ന പ്രദേശത്തുനിന്നു മറ്റൊരിടത്തേക്കു മാറുന്പോള്‍ വരുമാനം നിലയ്ക്കുകയും ജീവിതം ദുഃസഹമാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നൈപുണ്യ തൊഴില്‍ പരിശീലനത്തിന് സര്‍ക്കാര്‍ പദ്ധതി തയാറാക്കിയിരിക്കുന്നത്.