എഴുകുംവയൽ കുരിശുമലയിൽ മലകയറ്റം തുടരുന്നു


ഇടുക്കി രൂപത തീർത്ഥാടന കേന്ദ്രവും കിഴക്കിന്റെ കാൽവരി എന്നറിയപ്പെടുന്നതുമായ എഴുകുംവയൽ കുരിശുമലയിൽ നോമ്പുകാല തീർത്ഥാടനത്തിന് എത്തുന്ന തീർത്ഥാടകരുടെ തിരക്ക് വർദ്ധിച്ചു വരികയാണ്. കേരളത്തിൻന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കൂടാതെ തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും ഉള്ള നൂറുകണക്കിന് വിശ്വാസികൾ കുരിശുമല കയറാൻ എത്തുന്നുണ്ട്.
വലിയ നോമ്പിലെ അഞ്ചാമത്തെ വെള്ളിയാച്ചയായ ഇന്ന് നേരം പുലരുന്നതിനു മുൻപേ ആരംഭിച്ച കുരിശുമല കയറ്റം വൈകിയും തുടരുകയാണ്.
വിവിധ പ്രദേശങ്ങളിൽ നിന്നും ഇടവക വൈദികരുടെ നേതൃത്വത്തിൽ കുരിശുമലയിലേക്ക് വിശ്വാസികൾ എത്തിക്കൊണ്ടിരിക്കുകയാണ്.
വലിയ നോമ്പ് അഞ്ചാമത്തെ വെള്ളിയാച്ചയായ ഇന്ന് രാവിലെ 9 30 ന് മല അടിവാരത്തുള്ള ടൗൺകപ്പേളയിൽ നിന്നും കുരിശിൻന്റെ വഴി ആരംഭിച്ചപ്പോൾ നൂറുകണക്കിന് വിശ്വാസികളാണ് കുരിശിൻന്റെ വഴിയിൽ പങ്കുചേർന്നത്.
തുടർന്ന് കുരിശുമല ദേവാലയത്തിൽ ദിവ്യബലിയും വചനപ്രഘോഷണവും നേർച്ചകഞ്ഞി വിതരണവും നടന്നു. രാവിലെ നടന്ന തിരു കർമ്മങ്ങൾക്ക് ഫാദർ ജോർജ് തുമ്പനിരപ്പേലും വൈകുന്നേരം നടന്ന തിരുകർമ്മങ്ങൾക്ക് ഫാദർ വിനോദ് കാനാട്ടും കാർമികരായിരുന്നു.
ഇടുക്കി രൂപത കാൽനട കുരിശുമല തീർത്ഥാടനം അടുത്ത വെള്ളിയാഴ്ച നടക്കും. അര ലക്ഷത്തിലധികം വിശ്വാസികൾ നാൽപതാം വെള്ളിയാഴ്ച്ച കുരിശുമല ചവിട്ടും. ദുഃഖവെള്ളിയാഴ്ച്ച കട്ടപ്പനയിൽ നിന്നും രാവിലെ ആറുമണിമുതലും നെടുങ്കണ്ടത്തു നിന്നും രാവിലെ 7 മണി മുതലും കെഎസ്ആർടിസിയും സ്വകാര്യ ബസുകളും എഴുകുംവയൽ കുരിശുമലയിലേക്ക് സർവീസ് നടത്തുന്നതായിരിക്കും. ഇടുക്കി രൂപതയിലെ 11, 12 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ഏഴാം തീയതി തിങ്കളാഴ്ച്ച കുരിശുമലയിലേക്ക് കാൽനടയായി തീർഥാടനത്തിന് എത്തും.
വലിയ നോമ്പുകാലത്ത് രാത്രികാലങ്ങളിലും കുരിശുമല കയറുന്നതിനുള്ള സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. കിഴക്കൻ കാൽവരി കുരിശുമല കയറാൻ ജാതിമതഭേദമന്യേ ഏവരെയും സ്വാഗതം ചെയ്യുന്നതായി തീർത്ഥാടന ദേവാലയ ഡയറക്ടർ ഫാ. തോമസ് വട്ടമല,
ഫാ.ലിബിൻ വള്ളിയാംതടത്തിൽ എന്നിവർ അറിയിച്ചു. കുരിശുമലയിൽ എത്തുന്ന മുഴുവൻ വിശ്വാസികൾക്കും ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ക്രൂശിതരൂപം, തോമാശ്ലീഹായുടെ വലിയ രൂപം, ഗസ്തമേനിൽ പ്രാർത്ഥിക്കുന്ന ഈശോയുടെ രൂപം, സംശയാലുവായ തോമയുടെ ചിത്രം, കേരളത്തിൽ ആദ്യമായി നിർമ്മിച്ച മിസേറിയ രൂപം ഇവയെല്ലാം സന്ദർശിക്കുന്നതിനും പ്രാർത്ഥിക്കുന്നതിനും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്!