Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ചുവന്നുതുടുത്ത റംമ്പുട്ടാന്‍ തോട്ടങ്ങള്‍ക്കൊണ്ട്‌ ഹിറ്റായി മാറിയിരിക്കുകയാണ്‌ കുടയത്തൂരും ആനക്കയവും ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍



തൊടുപുഴ: ചുവന്നുതുടുത്ത റംമ്പുട്ടാന്‍ തോട്ടങ്ങള്‍ക്കൊണ്ട്‌ ഹിറ്റായി മാറിയിരിക്കുകയാണ്‌ കുടയത്തൂരും ആനക്കയവും ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍. വാണിജ്യാടിസ്‌ഥാനത്തില്‍ കൃഷിചെയ്‌ത ഹെക്‌ടര്‍ കണക്കിന്‌ തോട്ടങ്ങളിലാണ്‌ റംമ്പുട്ടാന്‍ വിളവെടുക്കുന്നത്‌. ശാസ്‌ത്രീയ കൃഷിരീതി അവലംബിക്കുന്നതിനാല്‍ മികച്ച വിളവിനൊപ്പം നല്ല വരുമാനവും കര്‍ഷകര്‍ക്ക്‌ ലഭിക്കുന്നുണ്ട്‌. പ്രകൃതിയൊരുക്കിയ കാഴ്‌ചയും വിസ്‌തൃതമായ മലങ്കര ജലാശയത്തിന്റെ ദൃശ്യമനോഹാരിതയും കുടയത്തൂരിനെയും പരിസരങ്ങളേയും സിനിമാക്കാരുടെ ഇഷ്‌ടലൊക്കേഷനാക്കി മാറ്റിയിരുന്നു.
എന്നാലിപ്പോള്‍ ഇവിടം അറിയപ്പെടുന്നത്‌ റംമ്പുട്ടാന്‍ ഹബ്ബായാണ്‌. മലങ്കര ജലാശയത്തിന്‌ അഭിമുഖമായി ആനക്കയം മുതല്‍ കുടയത്തൂര്‍ വയനക്കാവ്‌ വരെ കിലോമീറ്ററുകളോളം നീളത്തിലാണ്‌ റംമ്പുട്ടാന്‍ കൃഷി ചെയ്‌തിരിക്കുന്നത്‌. പത്തുവര്‍ഷം മുമ്പുതന്നെ ഈ പ്രദേശത്ത്‌ റംമ്പുട്ടാന്‍ കൃഷിയുടെ സാധ്യത തിരിച്ചറിഞ്ഞ കോളപ്ര ചെള്ളിക്കണ്ടത്തില്‍ രാജുവാണ്‌ ഇവിടെ ആദ്യമായി റംമ്പുട്ടാന്‍ കൃഷി ആരംഭിച്ചത്‌. തന്റെ മൂന്നേക്കര്‍ ഭൂമിയില്‍ പൂര്‍ണമായും റംമ്പുട്ടാന്‍ തൈകള്‍ നട്ടു. വിളവ്‌ കൂടുതല്‍ ലഭിക്കുന്ന എന്‍ 18 (എന്‍ എയ്‌റ്റീന്‍) എന്ന ഇനമാണ്‌ നട്ടത്‌. മികച്ച വിളവിനൊപ്പം ഉയര്‍ന്ന വരുമാനവും തോട്ടത്തില്‍നിന്ന്‌ ലഭിച്ചതായി രാജു പറയുന്നു. നിരവധിയാളുകള്‍ അടുത്ത കാലത്തായി റംമ്പുട്ടാന്‍ കൃഷിയിലേക്ക്‌ കടന്നുവരുന്നുണ്ട്‌. ശാസ്‌ത്രീയമായി തൈകള്‍ നടുന്നതിനാല്‍ മൂന്നാം വര്‍ഷം മുതല്‍ തന്നെ ഇവ കായ്‌ച്ച്‌ തുടങ്ങും. തൈകള്‍ പൂത്ത്‌ കായ പിടിച്ച്‌ തുടങ്ങുമ്പോള്‍ത്തന്നെ മൊത്തക്കച്ചവടക്കാരെത്തി കരാര്‍ ഉറപ്പിക്കുന്നതിനാല്‍ വിപണിയെക്കുറിച്ചുള്ള ആശങ്കയും വേണ്ട.
കച്ചവടം ഉറപ്പിച്ചാല്‍ പരിപാലനത്തിനും തൊഴിലാളികളെ എത്തിക്കുന്നതിനും ഉള്‍പ്പെടെ കരാറെടുക്കുന്നവരുടെ സഹായവും ലഭിക്കുമെന്ന്‌ കര്‍ഷകര്‍ പറയുന്നു. കാര്‍ഷികരംഗത്തെ വിലത്തകര്‍ച്ച മൂലം റബ്ബര്‍ ഉള്‍പ്പെടെയുള്ള പരമ്പരാഗത കൃഷിയില്‍ നിന്നും മാറി നിരവധി കര്‍ഷകരാണ്‌ റംമ്പുട്ടാന്‍ കൃഷിയിലേക്ക്‌ തിരിയുന്നത്‌. തൈ നടീലും പരിപാലനവും വിപണിയും ഉള്‍പ്പെടെ കൃഷിക്ക്‌ അനുയോജ്യമായ എല്ലാ സാഹചര്യങ്ങളും ഇവിടെയുണ്ട്‌. ഇതിന്‌ പുറമേ തോട്ടത്തില്‍ വച്ച്‌ തന്നെ കച്ചവടം ഉറപ്പിക്കുന്നതിനാല്‍ മികച്ച വിലയും ലഭിക്കുന്നു. വരുംദിവസങ്ങളില്‍ നിവധിയാളുകള്‍ റംമ്പുട്ടാന്‍ കൃഷിയിലേക്കെത്തുമെന്നും അതില്‍ കൂടി റംമ്പുട്ടാന്‍ ഹബ്ബിന്റെ പെരുമ ഒന്ന്‌ കൂടി വര്‍ദ്ധിപ്പിക്കാനാവുമെന്നുമാണ്‌ കുടയത്തൂരിലെ റംമ്പുട്ടാന്‍ കര്‍ഷകരുടെ പ്രതീക്ഷ.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!