ഡെങ്കിപ്പനി ബാധിച്ച് മരണം; ഡെങ്കിപ്പനി ഹൃദയത്തെ ബാധിക്കുമോ?
സംസ്ഥാനത്ത് ഇന്ന് വീണ്ടും ഒരു ഡെങ്കിപ്പനി മരണം കൂടി വന്നിരിക്കുകയാണ്. ദേശമംഗലം സ്വദേശിയായ അമ്പത്തിമൂന്നുകാരിയാണ് ഡെങ്കിപ്പനിയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വച്ച് ഇന്ന് രാവിലെയോടെ മരിച്ചത്.
ഡെങ്കിപ്പനി ഹൃദയത്തെ ബാധിച്ചതോടെയാണ് രോഗിയുടെ മരണം സംഭവിച്ചതെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിക്കുന്നത്. നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപ്പോള്‍ തന്നെ ആരോഗ്യനില ഗുരുതരമായിരുന്നുവെന്നും മെഡി. കോളേജ് അധികൃതര്‍ അറിയിക്കുന്നു. തുടര്‍ന്ന് പെട്ടെന്ന് തന്നെ ഐസിയുവിലേക്ക് മാറ്റി. എങ്കിലും ചികിത്സ തുടരുന്നതിനിടെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു.
ഡെങ്കിപ്പനി ശ്രദ്ധിച്ചില്ലെങ്കില്‍ തീര്‍ച്ചയായും ജീവന് ആപത്താകുന്ന രോഗം തന്നെയാണ്. കൊതുകുകളിലൂടെ പരക്കുന്ന ഡെങ്കിപ്പനി ചിലരില്‍ തീവ്രത കുറഞ്ഞ രീതിയിലാണ് ബാധിക്കപ്പെടുക. എന്നാല്‍ ഒരു വിഭാഗം ആളുകളിലാണെങ്കില്‍ അത് രക്തകോശങ്ങളുടെ കൗണ്ട് കുറയ്ക്കുന്നത് അടക്കം വളരെ ഗുരുതരമായ അനുബന്ധ പ്രശ്നങ്ങള്‍ക്ക് ഇടയാക്കും. ഇക്കാരണങ്ങള്‍ കൊണ്ടാണ് രോഗി മരണത്തിലേക്ക് എത്തുക.
ഡെങ്കിപ്പനി ബാധിച്ച് രക്തകോശങ്ങളുടെ കൗണ്ട് കുറയുന്ന പ്രശ്നമെല്ലാം ഇന്ന് മിക്കവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ ഡെങ്കു ഹൃദയത്തെ ബാധിച്ച് മരണം സംഭവിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പലര്‍ക്കും അറിവില്ലെന്നതാണ് സത്യം.
ഡെങ്കിപ്പനി ഹൃദയത്തെ ബാധിക്കുന്നത് എങ്ങനെ?
ഡെങ്കിപ്പനി ഹൃദയത്തെ പല രീതിയില്‍ ബാധിക്കാം. ഹൃദയമിടിപ്പില്‍ അസ്വാഭാവികത, ബിപി വല്ലാതെ താഴ്ന്ന് അത് ഹൃദയത്തെ ബാധിക്കുന്ന അവസ്ഥ, ഹൃദയപേശികള്‍ ബാധിക്കപ്പെടുന്ന മയോകാര്‍ഡൈറ്റിസ് എന്ന അവസ്ഥ, ഹൃദയാവരണത്തില്‍ നീര് വന്ന് വീര്‍ക്കുന്ന പെരികാര്‍ഡൈറ്റിസ് എന്ന അവസ്ഥ എന്നിങ്ങനെ ഹൃദയസംബന്ധമായ പല സങ്കീര്‍ണതകളും ഡെങ്കിപ്പനിയിലുള്‍പ്പെടുന്നുണ്ട്.
ഡെങ്കിപ്പനി ഹൃദയത്തെ ബാധിച്ചാല്‍ അത് സമയബന്ധിതമായി തിരിച്ചറിഞ്ഞ് ഉടനെ വൈദ്യസഹായം ഉറപ്പ് വരുത്തിയില്ലെങ്കില്‍ മരണസാധ്യത ഏറെയാണ്. ഇതിന് രോഗി ആശുപത്രിയില്‍ തന്നെ ചികിത്സയിലുണ്ടാകേണ്ടതുണ്ട്. അല്ലാത്തപക്ഷം പ്രശ്നം മനസിലാക്കാൻ സാധിക്കണമെന്നില്ല.
ഡെങ്കിപ്പനി അപകടകരമാകുന്നത് തിരിച്ചറിയാം…
സാധാരണഗതിയില്‍ പനി, ക്ഷീണം, തലവേദന, കണ്ണുവേദന, ശരീരവേദന എന്നിങ്ങനെയുള്ള ലക്ഷണങ്ങളാണ് ഡെങ്കിപ്പനിയുടേതായി വരാറ്. എന്നാല്‍ അസുഖം ഗുരുതരമാകുമ്പോള്‍ ലക്ഷണങ്ങളിലെല്ലാം മാറ്റം വരും.
വയറ്റിനുള്ളില്‍ അസ്വസ്ഥത, വയറുവേദന, ഛര്‍ദ്ദി- ഓക്കാനം ( ഒരു ദിവസത്തില്‍ മൂന്നോ നാലോ തവണ), മൂക്കില്‍ നിന്നോ വായില്‍ നിന്നോ രക്തസ്രാവം, ഛര്‍ദ്ദിലിലോ മലത്തിലോ രക്തം, താങ്ങാനാകാത്ത ക്ഷീണം, ആകെ അസ്വസ്ഥത എന്നിങ്ങനെയുള്ള രോഗലക്ഷണങ്ങളില്‍ ഏതെങ്കിലും കാണുന്ന പക്ഷം റിസ്ക് എടുക്കാതെ ആശുപത്രിയില്‍ അഡ്മിറ്റാകുന്നതാണ് ഉചിതം. നെഞ്ചുവേദന, ശ്വാസതടസം പോലുള്ള ലക്ഷണങ്ങളാണെങ്കില്‍ അത് ഹൃദയത്തെ ബാധിച്ചു എന്നതിന്‍റെയും സൂചനയാകാം. ഇതെല്ലാം രോഗി വളരെയധികം ഗുരുതരമായ അവസ്ഥയിലെത്തി എന്നതിന്‍റെ സൂചന തന്നെയാണ്.