വന്ദേഭാരത് അടക്കം ട്രെയിനുകളുടെ ടിക്കറ്റ് നിരക്കില്‍ ഇളവുമായി റെയില്‍വേ
എസി ചെയര്‍ കാര്‍, എക്സിക്യൂട്ടീവ് ക്ലാസുകളി |ലെ അടിസ്ഥാന നിരക്കിന്മേല്‍ 25 ശതമാനംവരെ ഇളവ് നല്‍കും. സോണുകള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം. ഒരു മാസത്തിനിടെ പകുതി സീറ്റുകള്‍ ഒഴിവുവന്ന സര്‍വീസുകള്‍ക്ക് പരിഗണന നല്‍കും.
കൂടിയ ടിക്കറ്റ് നിരക്ക് മൂലം വന്ദേ ഭാരത് ഉള്‍പ്പെടെ ട്രെയിനുകളില്‍ ഉയര്‍ന്ന ക്ലാസുകളില്‍ യാത്രക്കാര്‍ കുറയുന്നത് കണക്കിലെടുത്താണ് റെയില്‍വേയുടെ തീരുമാനം. ഇളവ് ഉടന്‍ പ്രാബല്യത്തില്‍ വരും. അനുഭൂതി കോച്ചുകള്‍ അടക്കം എസി ചെയര്‍ കാര്‍, എക്സിക്യൂട്ടീവ് ക്ലാസുകള്‍ക്കാണ് ഇളവ്. റിസര്‍വേഷന്‍ ചാര്‍ജ്, സൂപ്പര്‍ ഫാസ്റ്റ് സര്‍ചാര്‍ജ്, ജിഎസ്ടി എന്നിവയ്ക്ക് പുറമേയാണിത്. ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തിന് അനുസരിച്ചായിരിക്കും ഇളവ്. നേരത്തെ ബുക്ക് ചെയ്ത് കഴിഞ്ഞവര്‍ക്ക് റീ ഫണ്ടില്ല.
യാത്ര നടത്തുന്ന ദിവസത്തിന് ആറു മാസം മുന്‍പുവരെ ഡിസ്കൗണ്ടില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. അവധിക്കാലത്തും ആഘോഷവേളയിലും നടത്തുന്ന പ്രത്യേക സര്‍വീസുകള്‍ക്ക് ഇളവ് ബാധകമല്ല. യാത്രക്കാരുടെ എണ്ണം പതിവായി വിലയിരുത്തി ഇളവ് തുടരുന്നതില്‍ തീരുമാനമെടുക്കാം. ഇളവ് ഏര്‍പ്പെടുത്താന്‍ ഫ്ലക്സി യാത്ര നിരക്ക് സംവിധാനം ആവശ്യമെങ്കില്‍ ഒഴിവാക്കാം. റെയില്‍വേ പാസുകള്‍, കണ്‍സെഷന്‍ വൗച്ചറുകള്‍, എംഎല്‍എമാരുടെയും എംപിമാരുടെയും കൂപ്പണുകള്‍ എന്നിവയ്ക്ക് പുതിയ ഇളവ് ബാധകമാകില്ല. ടെയിനിനകത്ത് ടിക്കറ്റ് പരിശോധകര്‍ക്കും ഇളവ് നില്‍കാന്‍ അധികാരമുണ്ട്. ഒരു വര്‍ഷത്തേയ്ക്കാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.