പരാതികൾ ഏറെ നൽകി; വൻമരങ്ങൾ മുറിച്ചു മാറ്റാൻ ഇനിയും നടപടിയില്ല


ചെറുതോണി: വര്‍ഷങ്ങളായി പരാതി നല്‍കിയിട്ടും അപകട ഭീഷണി ഉയര്‍ത്തുന്ന 14 വന്‍മരങ്ങള്‍ മുറിച്ചുമാറ്റാന്‍ ജില്ല ഭരണകൂടവും മരിയാപുരം പഞ്ചായത്തും തയാറാകുന്നില്ലെന്ന് ആക്ഷേപം. അപകട ഭീഷണിയുയര്‍ത്തി ചെറുതോണി-കട്ടപ്പന റോഡില്‍ നാരകക്കാനത്ത് നില്‍ക്കുന്ന മരങ്ങളില്‍ ഒന്ന് കഴിഞ്ഞ ദിവസം ഒടിഞ്ഞു. സാമൂഹിക വനവത്കരണത്തിന്‍റെ ഭാഗമായി വനം വകുപ്പാണ് വര്‍ഷങ്ങള്‍ മുമ്ബ് സില്‍വര്‍റോക്ക് മരങ്ങള്‍ റോഡരികില്‍ നട്ടത്. മരങ്ങള്‍ വളര്‍ന്ന് വലുതാകുകയും ഉള്‍വശം ദ്രവിച്ച് പോകുകയും ചെയ്തതോടെ വലിയ അപകട ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഈ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ വര്‍ഷങ്ങളായി നാട്ടുകാര്‍ കലക്ടറേറ്റിലും പഞ്ചായത്തിലും വനം വകുപ്പിലും പരാതി നല്‍കിയിരുന്നു. എന്നാല്‍, ആരും നടപടി സ്വീകരിച്ചില്ല. ഈ മരങ്ങളിലൊന്നാണ് കനത്ത മഴയില്‍ ഒടിഞ്ഞുവീണത്. മറ്റൊരു മരത്തില്‍ തട്ടി നിന്നതിനാല്‍ സമീപത്തുണ്ടായിരുന്ന പെരുമ്ബള്ളിപ്പാറയില്‍ ബിജുവിന്‍റെ വീടിന് മുകളില്‍ വീഴാതെ കുടുംബം രക്ഷപ്പെട്ടു.
ബിജുവിന്‍റെ കൃഷിയിടത്തില്‍ മരം വീണതുമൂലം സ്ഥലത്തുണ്ടായിരുന്ന കൃഷി നശിച്ചു.