ഉത്തരാഖണ്ഡിൽ തക്കാളിക്ക് വില 250 രൂപ!


ഉത്തരാഖണ്ഡിൽ തക്കാളിക്ക് വില കുതിച്ചുയരുന്നു. ഉത്തരാഖണ്ഡിലെ വിവിധയിടങ്ങളിൽ തക്കാളിക്ക് വില കിലോയ്ക്ക് 200 മുതൽ 250 രൂപ വരെ വർധിച്ചു. ഗംഗോത്രി ധാമിൽ ഒരു കിലോ തക്കാളിക്ക് 250 രൂപ നൽകണം. ഉത്തരകാശിയിൽ ഇത് 180 രൂപ മുതൽ 200 രൂപ വരെയാണ്. എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. തക്കാളി കൃഷി ചെയ്യുന്ന ഇടങ്ങളിലെ കനത്ത ചൂടും ശക്തമായ മഴയിൽ ഗതാഗതം ദുസ്സഹമായതുമൊക്കെയാണ് വിലക്കയറ്റത്തിനുള്ള കാരണങ്ങളായി കണക്കാക്കപ്പെടുന്നത്. വേഗം കേടാവുന്ന പച്ചക്കറിയായതിനാൽ വിലക്കയറ്റം അത്തരത്തിലും കച്ചവടക്കാർക്ക് തിരിച്ചടിയാണ്.
ഇതിനിടെ തക്കാളി വില വർധനവിനെ പ്രതിരോധിക്കാനായി തമിഴ്നാട് സർക്കാർ റേഷൻ കട വഴി തക്കാളി വിതരണം ചെയ്യാൻ തീരുമാനിച്ചിരുന്നു. കിലോയ്ക്ക് 60 രൂപ നിരക്കിലായിരിക്കും റേഷൻ കടയിൽ നിന്ന് തക്കാളി ലഭിക്കുക. വിപണിയിൽ കിലോയ്ക്ക് 160 രൂപയാണ് തക്കാളിക്ക് വില.
പച്ചക്കറി വില നിയന്ത്രിക്കുന്നതിനുളള ശ്രമങ്ങൾ സർക്കാർ തുടരുകയാണെന്നും ഭക്ഷ്യ സഹകരണ, ഉപഭോക്തൃ വകുപ്പ് മന്ത്രി പെരിയകറുപ്പൻ വ്യക്തമാക്കി. നിലവിൽ പച്ചക്കറികൾ കുറഞ്ഞ വിലയിൽ റേഷൻ കട വഴി വിതരണം ചെയ്യുന്നുണ്ട്. വരുന്ന ഏതാനും ദിവസങ്ങൾക്കുള്ളിൽ തക്കാളി വല കുറയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.