എഐ ക്യാമറ നിയന്ത്രിക്കുന്ന ഓഫിസിന്‍റെ ഫ്യൂസൂരി കെഎസ്ഇബി


കണ്ണൂർ മട്ടന്നൂരിൽ റോഡ് ക്യാമറകളുടെ പ്രവർത്തനം നിരീക്ഷിക്കുന്ന ആർ ടി ഒ ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. കണ്ണൂരിലെ മുഴുവൻ റോഡ് ക്യാമറ നിരീക്ഷണവും മട്ടന്നൂർ ഓഫീസിൽ ആണ്. 57000 രൂപ വൈദ്യുതി ബില്ല് കുടിശ്ശിക ആയതിനെ തുടർന്ന് നടപടിയെന്ന് കെഎസ്ഇബി പറയുന്നു. മാസങ്ങളായി വൈദ്യുത ബിൽ കുടിശ്ശിക ആയ സാഹചര്യത്തിലാണ് നടപടിയെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. പല തവണ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. എന്നാൽ അതിന് മറുപടി ലഭിച്ചില്ല. തുടർന്ന് ഇന്ന് രാവിലെയാണ് കെ എസ് ഇ ബി ഉദ്യോഗസ്ഥർ ഓഫീസിലെത്തി ഫ്യൂസ് ഊരിയത്. വൈദ്യുതി വിച്ഛേദിച്ചതിനെ തുടർന്ന് ഓഫീസ് പ്രവർത്തനങ്ങൾ താറുമാറായ അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം വയനാട് കൽപ്പറ്റയിൽ മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വൈദ്യുതിയും കെഎസ്ഇബി വിച്ഛേദിച്ചിരുന്നു. കെട്ടിടത്തിന്റെ വൈദ്യുതി ബിൽ അടയ്ക്കുന്നതിൽ കാലതാമസം വരുത്തിയതിനെ തുടര്‍ന്നായിരുന്നു ഇവിടെയും നടപടി.