കോട്ടയം മാത്രം പോരാ, ഇടുക്കി, പത്തനംതിട്ട ഇവയിൽ ഏതെങ്കിലും ഒന്നു കൂടി വേണം. ഇടതു മുന്നണിയിൽ വിലപേശാൻ കേരളാ കോൺഗ്രസ് എം
കോട്ടയം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് ഇടത് മുന്നണിയില്‍ ആവശ്യപ്പെടാൻ ഒരുങ്ങി കേരള കോണ്‍ഗ്രസ് എം. കോട്ടയത്തിന് പുറമെ ഇടുക്കിയും പത്തനംതിട്ടയും ആവശ്യപ്പെട്ടേയ്‌ക്കും. ഇത് സംബന്ധിച്ച് സൂചന ഇടത് മുന്നണി നേതാക്കള്‍ക്ക് നല്‍കിയതായി ജോസ് കെ മാണി കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തെ അറിയിച്ചു. പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ മൂന്ന് എംഎല്‍എമാര്‍ പാര്‍ട്ടിയ്‌ക്കുണ്ട്. ഇത് കണക്കിലെടുത്ത് പത്തനംതിട്ടയില്‍ അവകാശവാദം കടുപ്പിക്കാൻ ഒരുങ്ങുകയാണ് കേരള കോണ്‍ഗ്രസ് എം.
കേരള കോണ്‍ഗ്രസ് എം മുന്നണിയിയേ്ക്ക് വന്നത് ഗുണം ചെയ്‌തെന്ന നിഗമനത്തിലാണ് സിപിഎം. ഇത് പരിഗണിച്ച് കൂടുതല്‍ സീറ്റ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് നല്‍കണമെന്നാണ് കേരള കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ഇടുക്കിയിലും കേരള കോണ്‍ഗ്രസിന് വലിയ സ്വാധീനമാണുള്ളത്. കഴിഞ്ഞ പ്രാവശ്യം ഇടത് സ്വതന്ത്രൻ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് തോറ്റത്. അതിനാല്‍ ആ സീറ്റ് തങ്ങള്‍ക്ക് നല്‍കുന്നതില്‍ തെറ്റില്ല എന്നുമാണ് കേരള കോണ്‍ഗ്രസ് മുന്നോട്ടുവെയ്‌ക്കുന്ന വാദം.
അതേ സമയം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് എകെജി സെന്ററില്‍ തുടരുകയാണ്. വിവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടെന്നാണ് തീരുമാനം. ലോക്‌സഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ചയാകും.