നാഷണല്‍ ജിയോഗ്രാഫിക് മാസികയില്‍ നിന്ന് അവസാന എഴുത്തുകാരനും പടിയിറങ്ങുമ്പോള്‍…; ശാസ്ത്രത്തെ ജനകീയവത്കരിച്ച ആ നൂറ്റാണ്ടില്‍ മാസിക അവശേഷിപ്പിക്കുന്നത്….
പല മനുഷ്യരും പുള്ളിപ്പുലികളും പവിഴപ്പുറ്റുകളും കടലാമകളും ഡൈനോസറുകളും ആല്‍ഗെകളും വിഹരിക്കുന്ന വിശാല ലോകത്തെച്ചുറ്റിപ്പറ്റിയുള്ള കാഴ്ചയും കാഴ്ചപ്പാടുകളും വികസിപ്പിക്കുന്ന തരത്തിലുള്ള വലിയൊരു വൈജ്ഞാനിക മുന്നേറ്റമാണ് നാഷണല്‍ ജിയോഗ്രാഫിക് എന്ന മാസിക കഴിഞ്ഞ ഒരു നൂറ്റാണ്ടായി നടത്തിവന്നത്. ബഹുവര്‍ണച്ചിത്രങ്ങളും നീളമുള്ള ലേഖനങ്ങളുമുള്ള ആ മാസിക പയ്യെ ഓര്‍മയാകുകയാണ്. അവശേഷിച്ച സ്റ്റാഫ് റിപ്പോര്‍ട്ടര്‍മാരെക്കൂടി മാസിക പിരിച്ചുവിടുകയാണ്. അടുത്ത വര്‍ഷത്തോടെ മാസിക അച്ചടിയും അവസാനിപ്പിക്കും. ചോരതൊട്ടെടുക്കാനാകുന്നത്രയും ജീവന്‍ തോന്നുന്ന ഫോട്ടോഗ്രാഫുകളും, മിനുസമുള്ള പേപ്പറുകളില്‍ എഴുതപ്പെട്ട, സ്‌കൂള്‍ പ്രൊജക്ടുകള്‍ മുതല്‍ ഗവേഷണപ്രബന്ധങ്ങള്‍ക്ക് വരെ നമ്മില്‍ പലരേയും സഹായിച്ച ലേഖനങ്ങളും വിലപ്പെട്ട സ്വത്തായി നമ്മള്‍ പലരും തടിയലമാരകളില്‍ അടുക്കിവച്ച മഞ്ഞകട്ടിക്കടലാസിലെ കവറും ഇനി ഗൃഹാതുരതയായി മാത്രം അവശേഷിക്കാനിരിക്കുകയാണ്… മാതൃകമ്പനിയായ ഡിസ്‌നി കൈക്കൊണ്ട ചിലവുചുരുക്കല്‍ നടപടിയുടെ ഭാഗമായാണ് നാഷണല്‍ ജിയോഗ്രാഫിക് ജീവനക്കാരെ പിരിച്ചുവിടുന്നത്. 19 ജീവനക്കാരാണ് ഇപ്പോള്‍ പടിയിറങ്ങുന്നത്. മാതൃകമ്പനിയായ ഡിസ്‌നി കൈക്കൊണ്ട ചിലവുചുരുക്കല്‍ നടപടിയുടെ ഭാഗമായാണ് നടപടി. സമീപ മാസങ്ങളില്‍ മാധ്യമ ഇന്‍ഡസ്ട്രിയെ പിടിച്ചുകുലുക്കിയ പല പിരിച്ചുവിടല്‍ വാര്‍ത്തകള്‍ക്കും ഇടയില്‍ തന്നെയാണ് നാഷണല്‍ ജിയോഗ്രഫിക്കിലെ പിരിച്ചുവിടല്‍ വിഷയവും പുറത്തെത്തുന്നത്. നവംബര്‍ അവസാനത്തോടെ, സിഎന്‍എന്‍ കമ്പനിയുടെ വിവിധ മേഖലകളില്‍ നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇനിയുള്ള കുറച്ച് കാലത്തേക്ക് ഫ്രീലാന്‍സ് എഴുത്തുകാരെ ഉപയോഗപ്പെടത്തിയാകും നാഷണല്‍ ജിയോഗ്രാഫിക് മാസിക മുന്നോട്ടുപോകുക. ഇപ്പോള്‍ പുറത്തുവന്ന മാസികയിലുള്ളത് താന്‍ സ്റ്റാഫ് റിപ്പോര്‍ട്ടറായിരിക്കുന്ന കാലത്ത് എഴുതുന്ന അവസാനത്തെ ലേഖനമായിരിക്കുമെന്ന് സീനിയര്‍ എഴുത്തുകാരന്‍ ക്രെയ്ഗ് എ വെല്‍ച്ച് പറഞ്ഞതാണ് പിരിച്ചുവിടല്‍ ചര്‍ച്ചകള്‍ക്ക് വഴിവച്ചത്. എന്നാല്‍ മാസിക നിര്‍ത്തുകയാണെന്ന വിഷയത്തില്‍ നാഷണല്‍ ജിയോഗ്രാഫിക് ഒരു ഔദ്യോഗിക വിശദീകരണത്തിന് തയാറായിട്ടില്ല.ശാസ്ത്രവിഷയങ്ങളെ ഇത്രയും ജനകീയവത്കരിച്ച മറ്റൊരു മാസികയും ലോകത്തുണ്ടായിട്ടില്ല എന്ന് പറയേണ്ടിവരും. നാഷണല്‍ ജിയോഗ്രാഫിക് സൊസൈറ്റിയുടെ നേതൃത്വത്തില്‍ 1888 സെപ്തംബര്‍ 22നാണ് മാസിക ആദ്യമായി പുറത്തിറങ്ങുന്നത്. ശാസ്ത്രസംബന്ധിയായ ചില ലേഖനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പുറത്തിറങ്ങിയ മാസികയില്‍ 1905ലാണ് ചിത്രങ്ങള്‍ ഉള്‍പ്പെടുത്താന്‍ തുടങ്ങിയത്. ഇത് മാസികയെ കൂടുതല്‍ ജനകീയമാക്കിയെന്ന് മാത്രമല്ല വായനക്കാരില്‍ ഒരു പുതിയ ദൃശ്യസാക്ഷരത വളര്‍ത്തിയെടുക്കുക കൂടി ചെയ്തു.
പുതിയ ദൃശ്യസാക്ഷരത ഉണരുന്നു; ആ ജീവനുള്ള കവര്‍ ചിത്രങ്ങള്‍…
നാഷണല്‍ ജിയോഗ്രാഫിക് മാസിക അതിന്റെ ചരിത്രപരമായ കവറുകളിലൂടെ ഉണ്ടാക്കിയ ദൃശ്യവിപ്ലവത്തിന്റെ പ്രസക്തി ഇന്ന് മനസിലാക്കാന്‍ ചിലപ്പോള്‍ പ്രയാസം തോന്നയിക്കാം. 90കളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും ഉള്ള സാഹചര്യങ്ങളുമായി കൂട്ടിച്ചേര്‍ത്ത് വേണം അത് മനസിലാക്കാന്‍. പുറത്തുള്ള വിശാല ലോകത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ക്കായി ഒരു തലമുറയാകെ കൊതിക്കുന്ന സമയത്താണ് ദൃശ്യങ്ങള്‍ എങ്ങനെ വായിക്കണമെന്ന് പറയാതെ പഠിപ്പിച്ച് നാഷണല്‍ ജിയോഗ്രാഫിക് മാസികയെത്തുന്നത്. അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ മുഴുവന്‍ അരക്ഷിതാവസ്ഥയും ഭീതിയും നൂറ് വാക്കുകളിലെഴുതേണ്ട. ശര്‍ബത്ത് ഗുല എന്ന അഫ്ഗാനി യുവതിയുടെ ഫോട്ടോഗ്രാഫുള്ള 1985ലെ നാഷണല്‍ ജിയോഗ്രാഫിക് മാസികയുടെ കവറിലേക്ക് ഉറ്റുനോക്കിയാല്‍ മാത്രം മതിയായിരുന്നു. ചന്ദ്രനില്‍ ആദ്യം കാലുകുത്തിയ നീല്‍ ആംസ്‌ട്രോങ് എന്ന മനുഷ്യനെക്കുറിച്ച് ഓര്‍മിക്കുമ്പോള്‍ ചരിത്രപ്രസിദ്ധമായ ആ നാഷണല്‍ ജിയോഗ്രാഫിക് കവര്‍ ചിത്രത്തെ ഓര്‍മിക്കാതിരിക്കാനാകുമോ? 1978ലെ കോണ്‍വര്‍സേഷന്‍സ് വിത്ത് എ ഗൊറില്ല എന്ന പേരിലുള്ള നാഷണല്‍ ജിയോഗ്രാഫിക് കവര്‍ അത്ര പെട്ടെന്ന് മറക്കാനാകുന്ന ഒന്നല്ല. കണ്ണാടിയ്ക്ക് മുന്നില്‍ നിന്ന് ക്യാമറ ഉപയോഗിച്ച് ഒരു പെണ്‍ ഗൊറില്ല എടുത്ത സെല്‍ഫ് പോട്രേറ്റ് ഗൊറില്ലകളുടെ ചലനത്തെക്കുറിച്ചും ബുദ്ധിശക്തിയെക്കുറിച്ചും ചെറുതല്ലാത്ത പല കാര്യങ്ങളും വിശദീകരിക്കുന്നതായിരുന്നു. ചില നാഷണല്‍ ജിയോഗ്രാഫിക് ഫോട്ടോഗ്രാഫുകള്‍ വിവാദങ്ങളും ക്ഷണിച്ചുവരുത്തി.
1896ല്‍ വന്ന സുലു ബ്രൈഡ് ആന്‍ഡ് ബ്രൈഡ്ഗ്രൂം വെറുമൊരു വിവാഹചിത്രം മാത്രമായിരുന്നില്ല. ആദ്യമായി ഒരു നഗ്‌നചിത്രം മാഗസിനില്‍ ഉപയോഗിച്ചു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. ഇതോടൊപ്പം വിവാഹം, കുടുംബം എന്ന ആഗോള ആശയത്തിനൊപ്പം വായനക്കാരുടെ മനസിലേക്ക് ഒരു ദക്ഷിണാഫ്രിക്കന്‍ വീക്ഷണകോണുകൂടി ചിത്രം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നാഷണല്‍ ജിയോഗ്രാഫിക് ആഫ്രിക്ക, അഫ്ഗാന്‍, ലെബനന്‍ മുതലായ സ്ഥലങ്ങളിലേക്ക് ഒരു അമേരിക്കന്‍ നോട്ടമാണ് നോക്കുന്നതെന്നും അത് ചില വംശീയ, കൊളോണിയല്‍ അധീശത്വ ആശയങ്ങളെ ഊട്ടിയുറപ്പിക്കുന്നുവെന്നും വ്യാപക വിമര്‍ശനമുയര്‍ന്നു.
നട്ടെല്ലുള്ള ഒരു സ്വയം വിമര്‍ശനം
തങ്ങളുടെ ക്യാമറ നോട്ടങ്ങള്‍ പലതും വംശീയമായിരുന്നുവെന്ന് പില്‍ക്കാലത്ത് തുറന്നുസമ്മതിക്കാന്‍ നാഷണല്‍ ജിയോഗ്രാഫിക് ധൈര്യം കാണിച്ചു. മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ വധത്തിന്റെ 50ാം വാര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു ആ പ്രഖ്യാപനം. ബ്ലാക്ക് ആന്‍ഡ് വൈറ്റ് എന്ന തലക്കെട്ടില്‍ ഇറങ്ങിയ നാഷണല്‍ ജിയോഗ്രാഫിക് മാസികയുടെ ആ പ്രത്യേക പതിപ്പ് വംശീയതയ്‌ക്കെതിരായ ഒരു പ്രബലമായ ചുവടുവയ്പ്പായിരുന്നു. 1970കള്‍ വരെ അമേരിക്കയിലെ കറുത്ത വര്‍ഗക്കാരെ നാഷണല്‍ ജിയോഗ്രാഫിക് മാസിക അവഗണിച്ചെന്നും അവരെ തങ്ങള്‍ക്കായി തൊഴിലെടുക്കുന്നരായി മാത്രമാണ് കണ്ടതെന്നും അവര്‍ സ്വയം വിമര്‍ശനം നടത്തി.
വിലമതിക്കാനാകാത്ത നൊസ്റ്റു
ജീവശാസ്ത്രം, ജന്തുക്കളുടെ ലോകം, ആഴക്കടലിലെ അത്ഭുതലോകം, ഊര്‍ജതന്ത്രം, രസതന്ത്രം, ജ്യോതിശാസ്ത്രം, ശൂന്യാകാശത്തിലെ കൗതുകങ്ങള്‍ മുതലായവയെ ജനകീയവത്ക്കരിക്കുക എന്നത് ഗൂഗിള്‍ ഇല്ലായിരുന്ന അക്കാലത്തായാലും വിജ്ഞാന ആധിക്യത്തിന്റെ ഇക്കാലത്തായാലും നിസാര കാര്യമല്ല. തടിച്ച പുസ്തങ്ങളുള്ള വായനശാലകളില്‍ മാത്രമല്ല സാധാരണകടകളിലെ തട്ടുകളിലും വിദേശത്ത് നിന്നെത്തുന്ന ചില പെട്ടികളിലും വരെ മാസിക പ്രത്യക്ഷപ്പെട്ടു. ചിത്രങ്ങള്‍ മാത്രം നോക്കുന്നവര്‍ക്ക് ചിത്രങ്ങളിലൂടെ ഒന്നാം വായനയും സമയമെടുത്തുള്ള രണ്ടാം വായനയും മാസികയിലൂടെ സാധ്യമാകും. വിഷയങ്ങളുടെ ബാഹുല്യവും വൈവിധ്യവും ചിത്രങ്ങളുടെ മേന്മയും വിദ്യാര്‍ത്ഥികളേയും സാധാരണക്കാരേയും വരെ മാസികയിലേക്ക് അടുപ്പിച്ചു. വസ്തുതകളെ ഒരു കൊളോണിയല്‍ രീതിയില്‍ നോക്കിക്കാണുമെങ്കിലും വിമര്‍ശനാത്മകമായി അവയോട് സംവദിക്കാനുള്ള ഒരു ഇടം എപ്പോഴും മാസിക തുറന്നിട്ടിരുന്നു.
ജിപ്‌സികളേയും പാലസ്തീന്‍ അഭയാര്‍ത്ഥികളേയും ഈജിപ്ത്യന്‍ പിരമിഡുകളേയും കാഠ്മണ്ഡുവിലെ മാര്‍ക്കറ്റിനേയുമെല്ലാം ലോകത്തിന് പരിചയപ്പെടുത്തിയ വൈജ്ഞാനിക വിപ്ലവത്തിന്റെ ആ യുഗം പതിയെ കെട്ടടങ്ങുകയാണ്. ലോകത്തിലെ ഏത് മുക്കിലും മൂലയിലും ആഴക്കടലിലും ശൂന്യാകാശത്തിലും പുതിയ കഥകള്‍ തേടാനുള്ള ഒരു കുട്ടിയുടെ കൗതുകം വായനക്കാരില്‍ ബാക്കിവച്ച്…