വിമാനം 18 മണിക്കൂർ വൈകിയെത്തി; വിമാനത്തിൽ യാത്രക്കാരനായി ‘ഒരേ ഒരാൾ’
അമേരിക്കയിൽ 18 മണിക്കൂർ വിമാനം വൈകിയെത്തി. അപ്പോഴത്തേക്കും യാത്രക്കാർ ബദൽ ഗതാഗത മാർഗ്ഗം ബുക്ക് ചെയ്യുകയും ചിലർ ആ ദിവസത്തെ യാത്ര റദ്ദാക്കുകയും ചെയ്തു. സഞ്ചാരിയായ ഫിൽ സ്ട്രിംഗർ ഞായറാഴ്ച ഒക്ലഹോമ സിറ്റിയിൽ നിന്ന് നോർത്ത് കരോലിനയിലെ ഷാർലറ്റിലേക്കുള്ള തന്റെ വീട്ടിലേക്ക് യാത്ര ചെയ്യാൻ ഈ വിമാനമാണ് ബുക്ക് ചെയ്തിരുന്നത്. വിമാനം വൈകിയപ്പോൾ മറ്റു യാത്രക്കാർ വേറെ മാർഗങ്ങൾ തേടിയെങ്കിലും സ്ട്രിംഗർ അത് ചെയ്തില്ല. ഇതേ വിമാനത്തിൽ യാത്ര ചെയ്യാനാണ് അദ്ദേഹം തീരുമാനിച്ചത്. ഒടുവിൽ വിമാനം പറന്നുയർന്നപ്പോൾ വിമാനത്തിലെ ഒരേയൊരു യാത്രക്കാരൻ അദ്ദേഹമായിരുന്നു. സ്‌ട്രിംഗറിന് ഫസ്റ്റ് ക്ലാസിലേക്ക് സൗജന്യ പാസും ജോലിക്കാർക്കൊപ്പം ഒരു സ്വകാര്യ പാർട്ടിയും ലഭിച്ചതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഞാൻ ഗേറ്റിലേക്ക് പോയപ്പോൾ അവിടെ ആരെയും കണ്ടില്ല. നിങ്ങൾ ഇതിനകം എല്ലാവരേയും കയറ്റിയോ’ എന്നായിരുന്നു ഞാൻ ഫ്ലൈറ്റ് അറ്റൻഡന്റിനോട് ചോദിച്ചത്. എന്നാൽ ഇല്ല എന്നായിരുന്നു മറുപടി. പിന്നീടായിരുന്നു ഞാൻ മാത്രമാണ് ആ വിമാനത്തിലെ യാത്രക്കാരൻ എന്നുമനസിലായത്. തന്റെ യാത്രയെ കുറിച്ച് അദ്ദേഹം ടിക് ടോക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. വളരെ പെട്ടെന്നാണ് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്.