തിരുവനന്തപുരം മൃഗശാലയിലെ ഹനുമാൻ കുരങ്ങ് വീണ്ടും ചാടിപ്പോയി
തിരുവനന്തപുരം മൃഗശാലയിലെ ഹനുമാൻ കുരങ്ങ് വീണ്ടും ചാടിപ്പോയതായി സംശയം. ഇന്നലെ ഇരുന്ന മരത്തിൽ കുരങ്ങിനെ കാണാനില്ല. കുറവൻകോണത്ത് ഭാഗത്ത് കുരങ്ങ് എത്തിയതായി നാട്ടുകാർ പറഞ്ഞു.
മൃഗശാല അധികൃതരുടെ പരിശോധനയിൽ ഇത് ഹനുമാൻ കുരങ്ങളെന്ന് സ്ഥിരീകരിച്ചു. മൃഗശാലയിലും സമീപപ്രദേശങ്ങളിലും തെരച്ചിൽ നടത്തുന്നു. ഇന്നലെ ഇണയെ കാട്ടി ആകർഷിച്ച് കൂട്ടിലെത്തിക്കാനുള്ള ശ്രമം നടന്നിരുന്നുവെങ്കിലും വിഫലമായി. ഹനുമാൻ കുരങ്ങിനെ പ്രകോപിപ്പിച്ച് ബലപ്രയോഗത്തിലൂടെ കൂട്ടിലെത്തിക്കാൻ ശ്രമിക്കില്ലെന്ന് മൃഗശാല അറിയിച്ചിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ പരീക്ഷണാർഥം കൂട് തുറന്നപ്പോഴാണ് മൂന്നു വയസുള്ള കുരങ്ങ് ജീവനക്കാരുടെ കണ്ണ് വെട്ടിച്ചു കടന്നുകളഞ്ഞത്. അക്രമ സ്വഭവമുള്ളതിനാൽ നഗരത്തിൽ ജാഗ്രത നിർദേശം നൽകിയിരുന്നു. ഇവയെ മെരുക്കിയെടുക്കാനും കൂട്ടിലടക്കാനും ബുദ്ധിമുട്ടാണ്. അതിനാലാണ് തുറന്ന് വിട്ട് പരിപാലിക്കാൻ തീരുമാനമെടുത്തതെന്ന് മന്ത്രി ചിഞ്ചുറാണി വ്യക്തമാക്കിയിരുന്നു. ഇനി നാല് ഹനുമാൻ കുരങ്ങുകളെ കൂടി അടുത്ത മാസത്തോടെ ഹരിയാനയിൽ നിന്ന് എത്തിക്കാൻ നീക്കമുണ്ട്.