അസമിൽ നാശം വിതച്ച് വെള്ളപ്പൊക്കം; 11 ജില്ലകളിലായി 34,000 പേർ ദുരന്തബാധിതർ
ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടർന്ന് അസമിൽ വെള്ളപ്പൊക്കം. 11 ജില്ലകളിലായി 34,000-ത്തിലധികം ആളുകൾ വെള്ളപ്പൊക്കം ബാധിച്ചതായാണ് റിപ്പോർട്ട്. ബ്രഹ്മപുത്ര ഉൾപ്പെടെയുള്ള മിക്ക നദികളിലും വിവിധ സ്ഥലങ്ങളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് അസം ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഈ വർഷത്തെ ആദ്യ വെള്ളപ്പൊക്കത്തിനാണ് അസം സാക്ഷ്യം വഹിക്കുന്നത്. സംസ്ഥാനത്ത് 14,675 സ്ത്രീകളും 3,787 കുട്ടികളുമടക്കം 34,189 പേരാണ് പ്രളയത്തിന്റെ ദുരിതത്തിൽ നിലവിൽ കഴിയുന്നത്. ബിശ്വനാഥ്, ദരംഗ്, ധേമാജി, ദിബ്രുഗഡ്, ലഖിംപൂർ, താമുൽപൂർ, ഉദൽഗുരി എന്നിവിടങ്ങളിലാണ് കൂടുതൽ ദുരിതബാധിതർ. വെള്ളപ്പൊക്കത്തിൽ 23,516 പേർ ദുരിതമനുഭവിക്കുന്ന ലഖിംപൂരിലാണ് ഏറ്റവും കൂടുതൽപേർ ബാധിക്കപ്പെട്ടത്.
ദിബ്രുഗഢിൽ 3,857, ദരാംഗ് 2231, ബിശ്വനാഥ് 2231, ധേമാജി 1,085 എന്നിങ്ങനെയാണ് കണക്കുകൾ. ലഖിംപൂരിൽ എട്ട്, ഉദൽഗുരിയിൽ മൂന്ന് എന്നിങ്ങനെ പതിനൊന്ന് ദുരിതാശ്വാസ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. മൊത്തത്തിൽ, 77 ഗ്രാമങ്ങളെ വെള്ളപ്പൊക്കം പ്രതികൂലമായി ബാധിക്കുകയും അസമിലുടനീളം 209.67 ഹെക്ടർ വിള പ്രദേശങ്ങൾ നശിക്കുകയും ചെയ്തതായി എഎസ്ഡിഎംഎ അറിയിച്ചു. കൂടാതെ ലഖിംപൂരിലും ഉദൽഗുരിയിലും രണ്ട് വീതം നാല് അണക്കെട്ടുകൾ തകർന്നു.
ബിശ്വനാഥ്, ബോംഗൈഗാവ്, ദിബ്രുഗഡ്, ഗോലാഘട്ട്, ജോർഹട്ട്, കർബി ആംഗ്ലോങ് വെസ്റ്റ്, ലഖിംപൂർ, മോറിഗാവ്, നാൽബാരി, സോനിത്പൂർ, തമുൽപൂർ, ഉദൽഗുരി ജില്ലകളിൽ വൻതോതിലുള്ള മണ്ണൊലിപ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് എഎസ്ഡിഎംഎ അറിയിച്ചു. കനത്ത മഴയെ തുടർന്ന് ദിമാ ഹസാവോ, കാംരൂപ് ജില്ലകളിലെ ചില ഭാഗങ്ങളിൽ മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.