തമിഴ് മീഡിയം കുട്ടികളുടെ ഉപരിപഠനം പ്രതിസന്ധിയില്‍
രാജകുമാരി: തമിഴ് മീഡിയം കുട്ടികളുടെ ഉപരി പഠനം പ്രതിസന്ധിയില്‍. നെടുങ്കണ്ടം ഉപജില്ലയിലെ മൂന്ന് തമിഴ് മീഡിയം ഹൈസ്‌കൂളുകളില്‍ ഒരിടത്തും ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍ ഇല്ല. ഹൈസ്‌കൂള്‍ പഠനത്തിന് ശേഷം പ്ലസ്‌ടു പഠനത്തിനായി 100 ലധികം കിലോമീറ്ററുകള്‍ ദിവസേന സഞ്ചരിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഉടുമ്ബന്‍ചോല താലൂക്കിലെ തമിഴ് ഭൂരിപക്ഷ മേഖലകളായ കജനാപ്പാറ, ഉടുമ്ബന്‍ചോല, പാറത്തോട് എന്നിവിടങ്ങളില്‍ തമിഴ് മീഡിയം ഹൈസ്‌കൂളുകളുണ്ട്. മൂന്ന് സ്‌കൂളുകളിലുമായി ഓരോ വര്‍ഷവും നൂറോളം കുട്ടികളാണ് എസ്.എസ്.എല്‍.സി എഴുതുന്നത്.
എന്നാല്‍, ഹയര്‍ സെക്കന്‍ഡറി പഠനത്തിനായി മൂന്നാര്‍, പീരുമേട് മേഖലകളിലേയോ തമിഴ്‌നാട്ടിലെയോ സ്‌കൂളുകളെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്. രാവിലേയും വൈകിട്ടുമായി നൂറിലധികം കിലോമീറ്ററുകള്‍ സഞ്ചരിക്കുകയോ ഹോസ്‌റ്റലുകളെ ആശ്രയിക്കുകയോ ചെയ്യണം. മേഖലയിലെ മറ്റ് ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ രണ്ടാം ഭാഷയായി, തമിഴ് തെരഞ്ഞെടുക്കാന്‍ സൗകര്യം ഇല്ലാത്തതും തമിഴ് അറിയാവുന്ന അധ്യാപകര്‍ ഇല്ലാത്തതും പ്രതിസന്ധി സൃഷ്‌ടിക്കുന്നു. നെടുങ്കണ്ടം ഉപജില്ലയിലെ ഏതെങ്കിലും ഒരു തമിഴ് മീഡിയം സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി ബാച്ച് അനുവദിച്ചാല്‍ പ്രതിസന്ധിക്ക് പരിഹാരമാവും.