സംസ്ഥാനത്ത് വനം കൈയ്യേറ്റം അര ശതമാനത്തിൽ താഴെയെന്ന് വനം വകുപ്പ്
തൊടുപുഴ: കേരളത്തിലെ ആകെ വനത്തില്‍ കൈയേറ്റക്കാരുടെ പക്കലുള്ളത് അര ശതമാനത്തില്‍ താഴെയെന്ന് വനം വകുപ്പിന്‍റെ കണക്ക്. സംസ്ഥാന വനംവകുപ്പ് ഏറ്റവുമൊടുവില്‍ പുറത്തിറക്കിയ സ്ഥിതിവിവരക്കണക്ക് പ്രകാരം കേരളത്തിലെ ആകെ വനവിസ്തൃതി 11,524.91 ചതുരശ്രകിലോമീറ്ററാണ്. ഇതില്‍ കൈയേറിയതായി കാണിച്ചിരിക്കുന്നത് 50.25 ചതുരശ്രകിലോമീറ്റര്‍ വനമാണ് -ആകെ വനഭൂമിയുടെ 0.4 ശതമാനം. വനംവകുപ്പിന്‍റെ കണക്കില്‍ ഓരോ ജില്ലയിലെയും വനം കൈയേറ്റം (ഹെക്ടറില്‍): തിരുവനന്തപുരം -0.59, കൊല്ലം -1.68, പത്തനംതിട്ട -12.33, കോട്ടയം -105.88, ഇടുക്കി -1462.50, എറണാകുളം -561.70, തൃശൂര്‍ -191.95, മലപ്പുറം -659.99, പാലക്കാട് -939.62, കോഴിക്കോട് -64.2, വയനാട് -948.77, കണ്ണൂര്‍ -52.66, കാസര്‍കോട് -22.67. ആകെ 5024.65 ഹെക്ടര്‍.
ഏറ്റവും കൂടുതല്‍ വനം കൈയേറിയത് ഇടുക്കിയിലാണ്. പെരിയാര്‍ ഈസ്റ്റ് വനം ഡിവിഷനില്‍ 4.39 ഹെക്ടര്‍, മറയൂര്‍ ഡിവിഷനില്‍ 0.03, മാങ്കുളം ഡിവിഷനില്‍ 358.43, മൂന്നാര്‍ ഡിവിഷനില്‍ 1099.65 ഹെക്ടര്‍ എന്നിങ്ങനെയാണ് ഇതിന്‍റെ തോത്. കൈയേറിയെന്ന് വനം വകുപ്പ് പറയുന്ന 5024.65 ഹെക്ടര്‍ പ്രത്യേകം അളന്നുതിരിച്ചിടുകയും നിയന്ത്രണങ്ങള്‍ ആ ഭാഗത്തിനുമാത്രം നിജപ്പെടുത്തുകയും ചെയ്യുന്നതോടെ കേരളത്തിലെ വനം കൈയേറ്റം സംബന്ധിച്ച പ്രശ്നങ്ങള്‍ക്ക് ഏറക്കുറെ പരിഹാരമാകുമെന്ന് കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
വസ്തുതകള്‍ ഇങ്ങനെയായിരിക്കെയാണ് മൂന്നാറിലും സമീപ പഞ്ചായത്തുകളിലും ഹൈകോടതി നിര്‍മാണ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഭൂമിയുടെ ഉടമസ്ഥാവകാശം ഉറപ്പാക്കുന്നതുവരെ ദേവികുളം, ഉടുമ്ബൻചോല, പീരുമേട് താലൂക്കുകളിലെ ഭൂമി ഇടപാടുകളും നിര്‍മാണങ്ങളും തടയണമെന്ന് ആവശ്യപ്പെട്ട് പാലക്കാട്ടെ വണ്‍ എര്‍ത്ത് വണ്‍ ലൈഫ് എന്ന സംഘടന നല്‍കിയ ഹരജിയിലായിരുന്നു നടപടി. മൂന്നാര്‍ വിഷയം മാത്രം പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് പ്രത്യേക അധികാരം ഉപയോഗിച്ച് രൂപവത്കരിച്ച പ്രത്യേക ഡിവിഷൻ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
മൂന്നാറിലും സമീപ പഞ്ചായത്തുകളായ ചിന്നക്കനാല്‍, ശാന്തൻപാറ, മാങ്കുളം, പള്ളിവാസല്‍, ഉടുമ്ബൻചോല, ബൈസണ്‍വാലി, വെള്ളത്തൂവല്‍, ദേവികുളം എന്നിവിടങ്ങളിലുമാണ് മൂന്നു നിലയില്‍ കൂടുതലുള്ള കെട്ടിടങ്ങളുടെ നിര്‍മാണം താല്‍ക്കാലികമായി തടഞ്ഞത്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട 40ഓളം കേസുകള്‍ പ്രത്യേക ബെഞ്ചിന്‍റെ പരിഗണനയിലുണ്ട്. ഇവയിലുണ്ടാകുന്ന വിധികള്‍ എത്രമാത്രം പ്രതികൂലമാകുമെന്ന ആശങ്കയിലാണ് കുടിയേറ്റ കര്‍ഷകര്‍.