കാട്ടാനകളെ തുരത്താൻ വനം വകുപ്പ് അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ പീരുമേട് ആര്‍.ആര്‍.ടി ഓഫീസ് ഉപരോധിച്ചു


പീരുമേട്: കാട്ടാനകളെ തുരത്താൻ വനം വകുപ്പ് അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ പീരുമേട് ആര്‍.ആര്‍.ടി ഓഫീസ് ഉപരോധിച്ചു. കഴിഞ്ഞ ഏഴ് ദിവസമായി പ്രദേശത്ത് തമ്ബടിച്ചിരിക്കുന്ന കാട്ടാനകളെ തുരത്താൻ വനംവകുപ്പിന്റെ ഭാഗത്ത് നിന്ന് യാതൊരുവിധത്തിലുള്ള ശ്രമവും നടക്കുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ദിനേശൻ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി എസ്. സാബു, പീരുമേട് ലോക്കല്‍ സെക്രട്ടറി വി.എസ്. പ്രസന്നൻ എന്നിവര്‍ സംസാരിച്ചു. കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ ഉള്‍പ്പടെ ധാരാളം പേര്‍ ഉപരോധത്തില്‍ പങ്കെടുത്തു. പീരുമേട് റേഞ്ച് ഓഫീസര്‍ ജ്യോതിഷ്, ആര്‍.ആര്‍.ടി ഫോറസ്റ്റര്‍ സെല്‍വരാജ് തുടങ്ങിയവര്‍ കര്‍ഷക പ്രതിനിധികളും സമര സമിതി നേതാക്കളുമായി ചര്‍ച്ച നടത്തി. അടുത്ത രണ്ടു ദിവസം ആര്‍.ആര്‍.ടിയിലെ എല്ലാ ഉദ്യോഗസ്ഥരും പീരുമേട്ടിലെ ആനകളെ തുരത്താനുള്ള ശ്രമത്തില്‍ മാത്രമായിരിക്കുമെന്ന് റേഞ്ച് ഓഫീസര്‍ സമരസമിതിക്ക് ഉറപ്പു നല്‍കി. ശാശ്വത പരിഹാരം എന്ന നിലയില്‍ സോളാര്‍ ഫെൻസിങ് സ്ഥാപിക്കുക എന്നതാണ് പ്രായോഗികമായി ഇപ്പോള്‍ ചെയ്യാനുള്ളതെന്നും റേഞ്ച് ഓഫീസര്‍ അറിയിച്ചു. ഏഴ് കിലോമീറ്റര്‍ ദൂരം 13 ലക്ഷം രൂപ മുടക്കി സോളാര്‍ ഫെൻസിങ് സ്ഥാപിച്ചാല്‍ ഒരു പരിധിവരെ കാട്ടാന ശല്യത്തില്‍നിന്ന് പ്രദേശത്തെ രക്ഷിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിന് ത്രിതല പഞ്ചായത്തുകളുടെ സഹായവും അദ്ദേഹം തേടിയിട്ടുണ്ട്. പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടറെയും കോട്ടയം ഡി.എഫ്.ഒയെയും വിവരം അറിയിക്കുന്നതാണെന്ന് അദ്ദേഹം അറിയിച്ചു. ഇപ്പോള്‍ കാട്ടാന കയറിയ പ്രദേശങ്ങള്‍ ഉള്‍പ്പെടെ ഉള്‍പ്പെടുന്ന ഭാഗം എരുമേലി റേഞ്ചിന് കീഴിലായതിനാല്‍ പീരുമേട് റേഞ്ച് ഓഫീസര്‍ക്ക് ഇക്കാര്യത്തില്‍ ഇടപെടുന്നതില്‍ പരിമിതി ഉണ്ട്. അതിനാല്‍ എരുമേലി റേഞ്ചുമായി ബന്ധപ്പെട്ട് ഒരു യൂണിറ്റ് ആര്‍.ആര്‍.ടി ടീമിനെ കൂടെ പീരുമേട്ടില്‍ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ടു.
കാട്ടാന ശല്യം: ഐ എച്ച്.ആര്‍.ഡി. സ്‌കൂള്‍ പ്രവര്‍ത്തിച്ചില്ല
കാട്ടാനശല്യം കാരാണം പീരുമേട് ഐ.എച്ച്.ആര്‍.ഡി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നലെ പീരുമേട് വിദ്യാഭ്യാസ ഓഫീസര്‍ അവധി നല്‍കി. സ്‌കൂള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്തിനും പീരുമേട് ഗസ്റ്റ് ഹൗസിനും ഇടയിലുള്ള റോഡില്‍ മൂന്ന് കാട്ടാനകള്‍ തമ്ബടിച്ചിരുന്നു. സമീപ പ്രദേശത്തെ കൃഷി ഇടങ്ങളിലും വീടുകളുടെ മതിലിനും, ഗേറ്റുകള്‍ക്കും ആനകൂട്ടം നാശം വിതച്ചു. പ്രദേശവാസികള്‍ ഭീതിയിലായി. തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പ് സ്‌കൂളിന് അവധി നല്‍കിയത്.