ജില്ലയിൽ 2022-23 വർഷം ഹയർസെക്കൻഡറി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്, സിബി.എസ്.ഇ. പരീക്ഷയിൽ എ വൺ , ഐ.സി.എസ്.ഇ.യിൽ ഒ. ഗ്രേഡും നേടിയ വിദ്യാർഥികളെ മാതൃഭൂമിയും ഇമിഗ്രന്റ് അക്കാദമിയും ചേർന്ന് ആദരിച്ചു
ജില്ലയിൽ 2022-23 വർഷം ഹയർസെക്കൻഡറി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്, സിബി.എസ്.ഇ. പരീക്ഷയിൽ എ വൺ , ഐ.സി.എസ്.ഇ.യിൽ ഒ. ഗ്രേഡും നേടിയ വിദ്യാർഥികളെ മാതൃഭൂമിയും ഇമിഗ്രന്റ് അക്കാദമിയും ചേർന്ന് ആദരിച്ചു.
കട്ടപ്പന സെന്റ് ജോർജ്ജ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങ് ഇടുക്കി സബ് കളക്ടർ അരുൺ എസ്. നായർ ഉദ്ഘാടനം ചെയ്തു.
ലോകം മുഴുവനുമുള്ള ആളുകളോടാണ് നിങ്ങൾ ഇന്ന് മത്സരിക്കുന്നത്. നിങ്ങൾക്ക് അഭിരുചിയുള്ള മേഖലയിൽ കരിയർ തിരഞ്ഞെടുക്കണം. ഏത് മേഖലയിൽ ചെന്നാലും വിജയികളാകണം. പണമുണ്ടാക്കുക മാത്രമല്ല നമ്മുടെ ഉത്തരവാദിത്വം വിജയത്തിന് വഴിയൊരുക്കിയ മാതാപിതാക്കളെ സംരക്ഷിക്കണം. കുട്ടികൾക്ക് നമ്മുടെ നാടിനോടും ഉത്തരവാദിത്വമുണ്ട്. ഉന്നത വിജയികളിൽ പെൺകുട്ടികൾ കൂടുതലാണ് എന്ന കാര്യത്തിൽ സന്തോഷമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
മാതൃഭൂമി ന്യൂസ് എഡിറ്റർ പി.കെ.ജയചന്ദ്രൻ അധ്യക്ഷനായി.
മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ അഭിലാഷ് മോഹൻ മുഖ്യ പ്രഭാഷണം നടത്തി. സാങ്കേതിക വിദ്യ ഏറെ വളർന്ന കാലത്ത് പിന്നോക്ക ജില്ലയാണ് എന്നത് നേട്ടങ്ങൾക്ക് തടസമല്ല.
കരിയറിലെ വെല്ലുവിളികൾ നിറഞ്ഞെ പ്രവൃത്തികൾ പേടി കൂടാതെ ചെയ്യുന്നവർക്കാണ് വിജയം എന്ന് അദേഹം പറഞ്ഞു.
ഓവർസീസ് എജുക്കേഷനുമായി ബന്ധപ്പെട്ട് ക്ലാസുകളും നടന്നു.
ഉച്ചകഴിഞ്ഞ് രണ്ടിന് ഉപരിപഠന സെമിനാർ സംഘടിപ്പിച്ചു. സെമിനാറിൽ ഉപരിപഠനവുമായി ബന്ധപ്പെട്ട് വിദഗ്ദ്ധർ ക്ലാസ് നയിച്ചു.
ഇമിഗ്രന്റ് അക്കാദമി എം.ഡി. സിനു മുകുന്ദൻ, സ്‌കൂൾ മാനേജർ ഫാ.ജോസ് മാത്യു പറപ്പള്ളിയിൽ , മാതൃഭൂമി ഡെപ്യൂട്ടി ചീഫ് സർക്കുലേഷൻ മാനേജർ സജി കെ.തോമസ് തുടങ്ങിയവർ സംസാരിച്ചു.