നക്ഷത്രയെ പിതാവ് ശ്രീമഹേഷ് കൊലപ്പെടുത്തിയത് മനഃപൂർവമെന്ന് എഫ്ഐആർ; ആത്മഹത്യക്ക് ശ്രമിച്ച പ്രതിയുടെ നില ഗുരുതരം
ആലപ്പുഴ മാവേലിക്കരയിൽ ആറുവയസുകാരിയായ മകളെ അച്ഛൻ മഴുവിനു വെട്ടിക്കൊലപ്പെടുത്തിയത് കരുതി കൂട്ടിയെന്ന് എഫ്ഐആർ. കൊലക്ക് കാരണം ‘ഏതോ വിരോധം’. 5 മണിക്കൂർ പോലീസ് ചോദ്യം ചെയ്തിട്ടും എന്തിനു കൊല നടത്തിയെന്ന് പ്രതി വെളിപ്പെടുത്തിയില്ല എന്നും രേഖപെടുത്തിയിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച മഴു തെളിവെടുപ്പിൽ കട്ടിലിനടിയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥയുമായി ഉറപ്പിച്ചിരുന്ന ശ്രീമഹേഷിന്റെ വിവാഹം അടുത്തിടെ മുടങ്ങിയത് കൊലപാതകത്തിന് കാരണമായിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിനിടെ, ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ച നക്ഷത്രയുടെ പിതാവും പ്രതിയുമായ ശ്രീമഹേഷിന്റെ നില അതീവ ഗുരുതരം. മാവേലിക്കര കോടതിയിൽ എത്തിച്ച പ്രതിയെ റിമാൻഡ് ചെയ്തതിനെ തുടർന്നാണ് സബ്ജയിലിലേക്ക് എത്തിച്ചത്. വൈകീട്ട് സബ്ജയിലിൽ എത്തിച്ച പ്രതി അവിടെ വച്ച് സ്വയം കഴുത്തു മുറിക്കുകയായിരുന്നു. വാറണ്ട് റൂമില്‍ വച്ച് രേഖകള്‍ ശരിയാക്കുന്നതിനിടെ അവിടെ നിന്ന് ലഭിച്ച പേപ്പര്‍ കട്ടര്‍ ഉപയോഗിച്ചാണ് കഴുത്ത് മുറിച്ചത്. ശ്രീമഹേഷിനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചോദ്യ ചെയ്യുന്ന വേളയിൽ പരസ്പരവിരുദ്ധമായി സംസാരിച്ച ശ്രീമഹേഷ് ചോദ്യംചെയ്യലിനോട് സഹകരിച്ചിരുന്നില്ല. താൻ മരിക്കാൻ പോകുവന്നെന്നും തന്നെ ഒന്നും ചെയ്യാൻ സാധിക്കില്ല എന്നുമായിരുന്നു ചോദ്യം ചെയ്യൽ വേളയിൽ പ്രതിയുടെ പ്രതികരണം. പ്രതിയെ കൃത്യം നടത്തിയ വീട്ടിലെത്തിച്ച് തെളിവെടുത്തു. പത്തിയൂരുള്ള അമ്മയുടെ വീട്ടിൽ പോകണമെന്ന് നക്ഷത്ര വാശി പിടിച്ചതിന് പിന്നാലെയായിരുന്നു കൊലപാതകമെന്ന് വിവരമുണ്ട്. പൊലീസ് ഉദ്യോഗസ്ഥയുമായി ഉറപ്പിച്ചിരുന്ന ശ്രീമഹേഷിന്റെ വിവാഹം അടുത്തിടെ മുടങ്ങിയിരുന്നു. ഇതും കൊലപാതകത്തിന് കാരണമായിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.