ആരോഗ്യ രംഗത്ത് കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃക: മന്ത്രി റോഷി അഗസ്റ്റിൻ
*വാത്തിക്കുടി ആയുര്‍വേദ ആശുപത്രിയുടെ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു
ആരോഗ്യ രംഗത്ത് കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. വാത്തിക്കുടി സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെയും ഔഷധ സസ്യ ഉദ്യാനത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
ആയുർവേദം , അലോപ്പതി, ഹോമിയോ വിഭാഗങ്ങളിൽ ഉൾപ്പെടെ ആരോഗ്യ രംഗത്തുണ്ടായ മാറ്റം ശ്രദ്ധേയമാണ്. ശിശു മരണ നിരക്ക് കണക്കുകൾ പരിശോധിക്കുമ്പോൾ രാജ്യത്തിനാകമാനം നമ്മുടെ ആരോഗ്യ വകുപ്പിന്റെ പ്രവർത്തന ക്ഷമത ബോധ്യപ്പെടും. ആയുർവേദ മേഖലയിലുണ്ടായ ഗുണപരമായ മാറ്റങ്ങളെ തുടർന്ന് സ്വദേശത്തും വിദേശത്തുമുള്ള ധാരാളം ആളുകൾ നമ്മുടെ ജില്ല കേന്ദ്രീകരിച്ച് ചികിത്സ തേടുന്നുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, റോഡ്, ടൂറിസം തുടങ്ങി അടിസ്ഥാനസൗകര്യ വികസനത്തിനാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആശുപത്രിയിൽ ഐപി വിഭാഗത്തിനും അനുബന്ധ നിർമ്മാണ പ്രവർത്തനങ്ങൾക്കുമായി 20 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി ചടങ്ങിൽ പ്രഖ്യാപിച്ചു. എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അതിനുള്ള പ്രയത്നമാണ് ജലവിഭവ വകുപ്പ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ ജല ബജറ്റിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു.
ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററിന്റെയും യോഗ പരിശീലന പദ്ധതിയുടെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഷൈനി സജി നിര്‍വഹിച്ചു. ഫാർമസിയുടെ ഉദ്ഘാടനം ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി വർഗീസ് നിർവഹിച്ചു.
വാത്തിക്കുടി നിവാസികള്‍ രൂപീകരിച്ച ജനകീയ കമ്മറ്റിയുടെ ശ്രമഫലമായി വാങ്ങിയ 50 സെന്റ് സ്ഥലത്ത് വാത്തിക്കുടി ഗ്രാമപഞ്ചായത്ത് 80 ലക്ഷം രൂപ മുടക്കി ആധുനിക രീതിയിലാണ് ആശുപത്രി കെട്ടിടം നിർമ്മിച്ചത്. പരിശോധന മുറി, ഡോക്ടറുടെ മുറി, യോഗ ഹാൾ, ഫാർമസി , മെഡിസിൻ സ്റ്റോർ റും, കാത്തിരിപ്പ് കേന്ദ്രം, ഒ.പി ടിക്കറ്റ് കൗണ്ടർ, അടുക്കള, ശുചിമുറി തുടങ്ങി എല്ലാ സൗകര്യങ്ങളും പുതിയ ആശുപത്രി കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്.
വാത്തിക്കുടി ആയുർവേദ ആശുപത്രി അങ്കണത്തില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസ് സ്വാഗതവും ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സുനിത സജീവ് നന്ദിയും പറഞ്ഞു. മെഡിക്കല്‍ ഓഫീസര്‍ ഡോ. കൃഷ്ണപ്രിയ കെ.ബി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ല ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി വർഗീസ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബിച്ചന്‍ തോമസ്, വാത്തിക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡിക്ലര്‍ക്ക് സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്തംഗം ഷൈനി സജി, ബ്ലോക്ക് – ഗ്രാമ പഞ്ചായത്തംഗങ്ങളായ ജ്യോത്സന ജിന്റോ, വിജി ജോർജ്, ജോസ്മി ജോർജ് , സുരേഷ് സുകുമാരൻ, അനിൽ ബാലകൃഷ്ണൻ, സനില വിജയൻ,
സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍, ഡി.എം.ഒ രമാ കെ.വി, ഡിപിഎം എം.എസ് നൗഷാദ് എന്നിവര്‍ സംസാരിച്ചു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.