ബ്രിജ് ഭൂഷന്റെ അറസ്റ്റില്‍ കുറഞ്ഞ വിട്ടുവീഴ്ചയ്ക്കില്ല, തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് ജൂണ്‍ 9 വരെ സമയമെടുക്കാം; മുന്നറിയിപ്പുമായി ഖാപ് പഞ്ചായത്ത്
ലൈംഗിക അതിക്രമപരാതിയില്‍ ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ചരണ്‍ സിങിന്റെ അറസ്റ്റില്‍ കുറഞ്ഞ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളും കര്‍ഷക നേതാക്കളും ഉള്‍പ്പെടെ പങ്കെടുത്ത ഖാപ് മഹാപഞ്ചായത്ത്. കൂടിയാലോചനകള്‍ നടത്തുന്നതിനും തീരുമാനം എടുക്കുന്നതിനും ഖാപ് പഞ്ചായത്ത് ഈ മാസം 9 വരെയാണ് കേന്ദ്രസര്‍ക്കാരിന് സമയം നല്‍കിയിരിക്കുന്നത്. ഈ മാസം 9ന് മുമ്പ് ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ രാജ്യവ്യാപക സമരം നടത്താനാണ് ഖാപ്പ് പഞ്ചായത്തില്‍ തീരുമാനമായത്. ജന്തര്‍മന്ദിറില്‍ കയറാന്‍ അനുവദിച്ചില്ലെങ്കില്‍ അപ്പോള്‍ കാണാമെന്നും പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രതിഷേധക്കാരുമായി ചര്‍ച്ച വേണോയെന്ന കാര്യം കേന്ദ്രസര്‍ക്കാരിന് തീരുമാനിക്കാം. എന്നാല്‍ അറസ്റ്റില്‍ കുറഞ്ഞ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു. സര്‍ക്കാര്‍ ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാന്‍ തയാറാകണമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത് ട്വന്റിഫോറിനോട് പറഞ്ഞു. ഈ മാസം 9 വരെ നടപടിയുണ്ടായില്ലെങ്കില്‍ ജന്തര്‍ മന്ദറിലേക്ക് പോകും. അറസ്റ്റ് വരിക്കാനും തയാറാണ്. ഗുസ്തി തരങ്ങള്‍ക്ക് എതിരായ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. ജൂണ്‍ അഞ്ചിലെ റാലി മാറ്റിവെക്കാന്‍ ബ്രിജ് ഭൂഷണോട് ആവശ്യപ്പെട്ടതിലൂടെ സര്‍ക്കാര്‍ അനുഭാവ പൂര്‍വ്വമായ ഇടപെടല്‍ നടത്തിയിരിക്കുന്നു. അതിനാലാണ് സര്‍ക്കാരിന് കൂടുതല്‍ സമയം നല്‍കിയതെന്നും രാകേഷ് ടികായത്ത് കൂട്ടിച്ചേര്‍ത്തു.