‘മിനി കൂപ്പർ വാങ്ങിയത് ഭാര്യ; കുടുംബത്തെ അധിക്ഷേപിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കും’; CITU നേതാവ് അനില്‍കുമാര്‍
ആഡംബര കാർ വാങ്ങിയതിൽ വിശദീകരണവുമായി സിഐടിയു സംസ്ഥാന നേതാവ് പി കെ അനിൽകുമാർ. കാർ വാങ്ങിയത് ഇൻഡ്യൻ ഓയിൽ കോർപ്പറേഷൻ ഉദ്യോഗസ്ഥയായ ഭാര്യയാണെന്ന് അനിൽകുമാർ വ്യക്തമാക്കി.സമൂഹ മാധ്യമങ്ങളിലൂടെ കുടുംബത്തെ അധിക്ഷേപിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അനിൽകുമാർ പറഞ്ഞു.
സിഐടിയുവിന് കീഴിലുള്ള കേരള പെട്രോളിയം ആന്‍റ് ഗ്യാസ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറിയാണ് പി കെ അനിൽകുമാർ. തൊഴിലാളി പ്രസ്ഥാനത്തിന്റെ നേതാവിന് സഞ്ചരിക്കാൻ മിനികൂപ്പർ എന്ന വിശേഷണവുമായാണ് അനിൽകുമാർ മിനികൂപ്പർ വാങ്ങിയ ചിത്രം സോഷ്യൽ മീഡിയയിൽ പലരും പങ്കുവെച്ചത്.
തുടർന്ന് അനിൽകുമാറിനെതിരെ പലകോണുകളിൽ നിന്നും വിമർശനവും ഉയർന്നു. നേതാവിന്റെ സ്വത്ത് സമ്പാദനത്തിൽ ഉൾപ്പെടെ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം. ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നും ഇതിനുപിന്നിൽ മറ്റ് ട്രേഡ് യൂണിയനുകളും ഓയിൽ കമ്പനി ഉദ്യോഗസ്ഥരും ഉണ്ടെന്നും അനിൽകുമാർ പറയുന്നു.
പൊതുമേഖല എണ്ണ കമ്പനിയിൽ ഉദ്യോഗസ്ഥയായ ഭാര്യയുടെ വരുമാനത്തിൽ നിന്നുമാണ് കാർ വാങ്ങിയതെന്ന് വിശദീകരിക്കുന്ന അനിൽകുമാർ, തനിക്കും തന്റെ കുടുംബത്തിനും എതിരെ നടക്കുന്ന അപകീർത്തി പ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.
നേരത്തെ, ഓയിൽ കമ്പനിയിലെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിൽ അനിൽകുമാറിനെതിരെ പരാതിയുയർന്നിരുന്നു. വൈപ്പിൻ കുഴിപ്പള്ളിയിൽ ഗ്യാസ് ഏജൻസി നടത്തുന്ന വനിത സംരഭകയെ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്ന പരാതിയിൽ ഒരു കേസും പി കെ അനിൽകുമാറിനെതിരെ നിലവിലുണ്ട്. മിനികൂപ്പർ വിവാദത്തിൽ പരാതി ലഭിച്ചിട്ടില്ലെന്നാണ് സിഐടിയു നേതൃത്വത്തിന്റെ വിശദീകരണം.