പുതിയ പാർലമെന്റ് മന്ദിരം പ്രൗഡഗംഭീരം; ചെലവ് 862 കോടി
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ചിത്രങ്ങൾ പുറത്ത്. സെൻട്രൽ വിസ്ത റീഡെവലപ്‌മെന്റ് പ്രൊജക്ടിന്റെ ഭാഗമായി ടാറ്റ പ്രൊജക്ട്‌സ് ലിമിറ്റഡാണ് പുതിയ മന്ദിരം പണികഴിപ്പിച്ചത്. വലിയ ഹാളുകൾ, കമ്മിറ്റി റൂംസ്, ലൈബ്രറി, വലിയ പാർക്കിംഗ് സ്‌പേസ് എന്നിവയടങ്ങിയതാണ് മന്ദിരം. പുതിയ ലോക്‌സഭയിൽ 888 സീറ്റുകളും, രാജ്യസഭയിൽ 384 സീറ്റുകളുമുണ്ട്. ഈ വർഷം മാർച്ചിൽ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുമെന്നാണ് റിപ്പോർട്ട്. ലോക്‌സഭ ദേശീയ പക്ഷിയായ മയിലിന്റെ തീമിലാണ് പണി കഴിപ്പിച്ചിരിക്കുന്നത്. മയിൽ പീലിയെ അനുസ്മരിപ്പിക്കുന്ന ഡിസൈനാണ് സീലിംഗിന് നൽകിയിരിക്കുന്നത്. താഴെ പച്ച നിറവും നൽകിയിട്ടുണ്ട്. രാജ്യ സഭയ്ക്ക് ദേശീയ പുഷ്പം താമരയുടേയും ചിത്രപ്പണിയാണ് നൽകിയിരിക്കുന്നത്. പുതിയ മന്ദിരം ഭിന്നശേഷിക്കാർക്ക് കൂടി ആരുടേയും സഹായമില്ലാതെ ഉപയോഗിക്കാൻ തക്ക സജ്ജീകരണങ്ങളോടെയാണ് പണി കഴിപ്പിച്ചിരിക്കുന്നത്. 862 കോടി ചെലവിട്ടാണ് പുതിയ മന്ദിരം പണിതതെന്നാണ് റിപ്പോർട്ട്.
എന്തിനായിരുന്നു പുതിയ മന്ദിരം ?
കഴിഞ്ഞ കുറച്ച് വർഷങ്ങളായി പാർലമെന്റിൽ ജോലിക്കായി എത്തുന്നവരുടേയും സന്ദർശകരുടേയും എണ്ണത്തിൽ വർധനയുണ്ടായിരുന്നു. അങ്ങനെയാണ് പുതിയ മന്ദിരം പണിയാൻ തീരുമാനമായത്. നിലവിലെ മന്ദിരം 1927 ൽ ബ്രിട്ടീഷ് ആർകിടെക്ട് എഡ്വിൻ ലൂട്ടെൻസും ഹർബർട്ട് ബേക്കറും ചേർന്ന് നിർമിച്ചതാണ്. ഈ മന്ദിരം ഇനി മ്യൂസിയമാക്കി മാറ്റുമെന്നാണ് റിപ്പോർട്ട്.