‘പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ള ആളായതുകൊണ്ടാണ് ദ്രൗപതി മുർമുവിനെ ഒഴിവാക്കിയത്’ : ഇ.പി ജയരാജൻ
പാർലമെന്റ് ഉദ്ഘാടനത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. കേന്ദ്രത്തിന്റേത് ഫാസിസ്റ്റ് രീതിയാണെന്നും ഇ.പി ജയരാജൻ പറഞ്ഞു. രാഷ്ട്രപതിക്കാണ് പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാൻ യോഗ്യതയുള്ളത്. പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ള ആളായതുകൊണ്ടാണ് ദ്രൗപതി മുർമുവിനെ ഒഴിവാക്കിയതെന്നും പ്രതിപക്ഷം ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നത് ഇക്കാരണത്താലാണെന്നും ഇ.പി ജയരാജൻ പറഞ്ഞു. ഇന്ന് രാവിലെ 10 മണിയോടെയാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിന് തുടക്കമായത്. ചെങ്കോൽ സ്ഥാപിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ഫലകവും അനാച്ഛാദനം ചെയ്തു. ചെങ്കോൽ സ്ഥാപിച്ചതിന് ശേഷം നിർമാണ തൊഴിലാളികളേയും പ്രധാനമന്ത്രി നരേന്ദ്രമോദി ആദരിച്ചു. പുതിയ പാർലമെന്റ് നിർമിച്ച തൊഴിലാളികളുടെ പ്രതിനിധികളുടെ അടുത്തെത്തി പ്രധാനമന്ത്രി ആദരവ് അറിയിക്കുകയായിരുന്നു.
പാർലമെന്റ് മന്ദിരത്തിന് മുന്നിൽ പൂജകൾ നടത്തിയശേഷം ചെങ്കോൽ പാർലമെന്റിനകത്ത് ലോക്സഭാ സ്പീക്കറുടെ ഇരിപ്പടത്തിന് സമീപം പ്രധാനമന്ത്രി സമർപ്പിച്ചു. മേളങ്ങളുടേയും പ്രാർത്ഥനകളുടേയും അകമ്പടിയോടെയാണ് പ്രധാനമന്ത്രി ചെങ്കോൽ സ്ഥാപിച്ചത്. ശേഷം പ്രധാനമന്ത്രിയും ലോക്സഭാ സ്പീക്കറും ഭദ്രദീപത്തിന് തിരികൊളുത്തി. ചെങ്കോലിൽ പുഷ്പങ്ങൾ അർപ്പിച്ച് പ്രധാനമന്ത്രി കൈകൂപ്പി തൊഴുതു. ശേഷം പ്രധാനമന്ത്രി പുരോഹിതരെ വണങ്ങുകയും അനുഗ്രഹം സ്വീകരിക്കുകയും ചെയ്തു. തമിഴ്നാട്ടിൽ നിന്നെത്തിയ ശൈവമഠ പുരോഹിതർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസിതിയിൽ വച്ചാണ് ചെങ്കോൽ കൈമാറിയത്.