അരിക്കൊമ്പനായി തിരച്ചിൽ ; റേഡിയോ കോളറിൽ നിന്നും സിഗ്നൽ ലഭിക്കുന്നില്ല


കുമളി : ഇന്നലെ ഉച്ചക്ക് രണ്ട് മണിക്ക് ശേഷം അരിക്കൊമ്പന്റെ ശരീരത്തിൽ ഘടിപ്പിച്ചിരിക്കുന്ന റേഡിയോ കോളറിൽ നിന്ന് സിഗ്നൽ ലഭിചിട്ടില്ല. സാങ്കേതിക പ്രശ്നമാണെന്ന് വിശദീകരിക്കുകയാണ് വനം വകുപ്പ്. ഇന്നലെ ഉച്ചയ്ക്ക് തമിഴ്‌നാട് വനമേഖലയിലെ വണ്ണാത്തിപ്പാറ ഭാഗത്താണ് ഉണ്ടായിരുന്നത്. മേഘാവൃതമായ കാലാവസ്‌ഥയും ഇടതൂർന്ന വനവും ആണെങ്കിൽ സിഗ്നൽ ലഭിക്കാൻ കാലതാമസം ഉണ്ടാകും. സാങ്കേതിക പ്രശ്നം പരിഹരിക്കാൻ ഡബ്ല്യുഡബ്ല്യുഎഫിനോട് വനം വകുപ്പ് ആവശ്യപ്പെട്ടു. വിഎച്ച്എഫ് ആന്റിന ഉപയോഗിച്ച് ട്രാക്ക് ചെയ്യാൻ ശ്രമം നടക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ മേഘമല വന്യജീവി സങ്കേതത്തിലെ വണ്ണാത്തിപ്പാറ മേഖലയിലായിരുന്നു അരിക്കൊമ്പൻ. ഇവിടെ നിന്നും തിരികെ പെരിയാർ കടുവ സങ്കേതത്തിലേക്ക് സഞ്ചരിക്കുന്നതായും സിഗ്നലിൽ സൂചനയുണ്ടായിരുന്നു. കാലാവസ്ഥ പ്രതികൂലമായതിനാലും കൊടും വനത്തിനുള്ളിലായതിനാലും സിഗ്നലുകൾ ലഭിക്കുന്നതിൽ കാലതാമസവും നേരിട്ടിരുന്നു. അതിനാൽ വനംവകുപ്പിന്റെ മൂന്ന് സംഘങ്ങൾ അതിർത്തിയിലെ വനമേഖലയിൽ അരിക്കൊമ്പനായി നിരീക്ഷണം നടത്തുകയാണ്. എന്നാൽ നേരിട്ട് കാണാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മയക്കുവെടിയേറ്റതിന്റെയും ലോറിയിൽ സഞ്ചരിച്ചതിൻ്റെയും ക്ഷീണമുള്ളതിനാൽ അധികദൂരം സഞ്ചരിക്കാനിടയില്ലെന്നാണ് വനംവകുപ്പ് പറയുന്നത്.