യു.ഡി.എഫ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മാർച്ചും, ധർണയും ഏപ്രിൽ 26ന്

കെട്ടിട നികുതിയും കെട്ടിട നിർമ്മാണത്തിനുള്ള പെർമിറ്റ് ഫീസും യാതൊരു തത്വതീക്ഷയും ഇല്ലാതെ വർധിപ്പിച്ച ഇടതുപക്ഷ ഗവൺമെന്റിന്റെ നികുതികൊള്ളയ്‌ക്കെതിരെ യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനമനുസരിച്ച് ഏപ്രിൽ 26ന് ജില്ലയിലെ 52 പഞ്ചായത്തുകളിലേക്കും രണ്ട് നഗരസഭകളിലേക്കും യു.ഡി.എഫ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മാർച്ചും, ധർണയും നടത്തുമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴിയും കൺവീനർ പ്രൊഫ. എം ജെ ജേക്കബും അറിയിച്ചു.
വീട് വയ്ക്കുന്നതിനുള്ള പെർമിറ്റിനുള്ള അപേക്ഷഫീസ് 30 രൂപയിൽ നിന്നും ആയിരം രൂപ മുതൽ 5000 രൂപ വരെയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. 150 ചതുരശ്ര മീറ്റർ വരെയുള്ള വീടുകളുടെ പെർമിറ്റ് ഫീസ് പഞ്ചായത്തിൽ 555 രൂപയിൽ നിന്നും 8500, നഗരസഭകളിൽ 555രൂപയിൽ നിന്നും 11500, കോർപ്പറേഷനിൽ ൮൦൦ രൂപയിൽ നിന്നും പതിനാറായിരം രൂപയായിട്ടുമാണ് വർദ്ധിപ്പിച്ചിരിക്കുന്നത് . വീടിന്റെ വിസ്തീർണ്ണം 250 ചതുരശ്ര മീറ്റർ ആണെങ്കിൽ പഞ്ചായത്തിൽ 1700 രൂപയിൽ നിന്നും 26000, നഗരസഭയിൽ 1700 രൂപയിൽ നിന്നും -31000, കോർപ്പറേഷനിൽ 2250 രൂപയിൽ നിന്നും -38500 എന്നീ നിരക്കിലാണ് വർദ്ധനവ് വരുത്തിയിരിക്കുന്നത്. പുതിയതായി നിർമ്മിക്കുന്ന വീടുകളുടെ നികുതിയും ക്രമാതീതമായി വർദ്ധിപ്പിച്ചിരിക്കുകയാണ്.
നികുതിഭാരം കൊണ്ടും രൂക്ഷമായ വിലക്കയറ്റം മൂലവും ജനങ്ങൾ പൊറുതിമുട്ടി കഴിയുന്ന സന്ദർഭത്തിൽ ഇത്തരം ഒരു വർദ്ധനവ് സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. കടബാധ്യത കൊണ്ട് ജപ്തി നടപടികളുടെ ഭീഷണി നേരിടുന്ന ജനങ്ങളുടെ മേൽ കെട്ടിട നികുതി വർദ്ധനവും അടിച്ചേൽപ്പിച്ചിരിക്കുകയാണ്. ഇന്ധന സെസ് വർദ്ധിപ്പിച്ചതോടെ സംസ്ഥാനം അതിരൂക്ഷമായ വിലക്കയറ്റത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു.
സംസ്ഥാന ഗവൺമെന്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ച് കിട്ടുന്ന വികസന ഫണ്ട് വെട്ടിക്കുറച്ചും വക മാറ്റിയും ട്രഷറി നിരോധനം ഏർപ്പെടുത്തിയും പിടിച്ചുപറിച്ച് ഈ സ്ഥാപനങ്ങളെ ശ്വാസം മുട്ടിക്കുകയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതികളെ കൊള്ളക്കാരാക്കി മാറ്റി സർക്കാർ തടി തപ്പുന്നതിനുള്ള ഗൂഢശ്രമമാണ് നടത്തിയിരിക്കുന്നത്. കെട്ടിട നിർമ്മാണ പെർമിറ്റും നികുതിയുമായി ബന്ധപ്പെട്ട് 500 ഇരട്ടി വരെയുള്ള വർദ്ധനവ് വരുത്തിയിരിക്കുന്നതിൽ യാതൊരു ന്യായീകരണവും ഇല്ല. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് മുമ്പിലും നടത്തപ്പെടുന്ന ധർണ്ണ യു.ഡി.എഫ് നേതാക്കൾ ഉദ്ഘാടനം ചെയ്യുമെന്ന് നേതാക്കൾ അറിയിച്ചു.