കട്ടപ്പന വള്ളക്കടവ്- ആനവിലാസം റൂട്ടിൽ ആറാട്ടുകടവിന് സമീപം വാഹനം വൈദ്യുത പോസ്റ്റിലിടിച്ച് അപകടം

കട്ടപ്പന വള്ളക്കടവ്- ആനവിലാസം റൂട്ടിൽ ആറാട്ടുകടവിന് സമീപം വാഹനം വൈദ്യുത പോസ്റ്റിലിടിച്ച് അപകടം. 11 കെ.വി വൈദ്യുതലൈൻ തകർന്നതു കൂടാതെ സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിലും ആനവിലാസത്തു നിന്നും എത്തിയ വാഹനം ഇടിച്ചു. ആർക്കും പരിക്കില്ല. വാഹനങ്ങൾക്ക് സാരമായ കേടുപാടു സംഭവിച്ചു. വലിയ അപകടം ഒഴിവായത് തലനാരിഴക്ക്.
ഇന്ന് രാവിലെയാണ് ആനവിലാസത്തു നിന്നും കട്ടപ്പനയ്ക്ക് വരികയായിരുന്ന കാർ അമ്പലക്കവല ആറാട്ടുകടവിന് സമീപം നിയന്ത്രണം വിട്ട് 11 കെ.വി ലൈൻ കടന്നു പോകുന്ന വൈദ്യുത പോസ്റ്റിലിടിച്ച് അപകടമുണ്ടായത്. റോഡരുകിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലിടിച്ചാണ് വാഹനം നിന്നത്. കോൺക്രീറ്റ് പോസ്റ്റ് ഒടിഞ്ഞ് കാറിനു മുകളിൽ വീണെങ്കിലും വാഹനമോടിച്ചിരുന്ന ആനവിലാസം സ്വദേശി ഷൈജു പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. പെട്ടെന്നുണ്ടായ ദേഹാസ്വസ്ഥയെ തുടർന്നാണ് വാഹനം നിയന്ത്രണം വിട്ടതെന്ന് ഇദ്ദേഹം പറഞ്ഞതായി ദൃക്സാക്ഷികൾ പറഞ്ഞു.
ഡ്രൈവർ സീറ്റിനു മുകളിലേയ്ക്ക് പോസ്റ്റ് വീഴാതിരുന്നതാണ് ഡ്രൈവർക്ക് രക്ഷയായത്.
ഇരു വാഹനങ്ങൾക്കും സാരമായ കേടുപ്പാടുകൾ ഉണ്ടായിട്ടുണ്ട്. കെ എസ് ഇ ബിയ്ക്കും അപകടത്തിലൂടെ അരലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. അപകടത്തെ തുടർന്ന് റോഡിനു കുറുകെ വൈദ്യുതലൈൻ പൊട്ടിവീണതിനാൽ ഒന്നര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. നാട്ടുകാരും പോലീസും കെ എസ് ഇ ബി ജീവനക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. തോട്ടുങ്കൽ ജോജിയുടെ കാറാണ് നിരത്തിയിട്ടിരുന്നത്. ഇതിൽ ഇടിച്ചില്ലായിരുന്നെങ്കിൽ വാഹനം ഇദ്ദേഹത്തിൻ്റെ വീടിനു മുകളിലേയ്ക്ക് മറിയുമായിരുന്നു. അപകടത്തെ തുടർന്ന് പ്രദേശത്ത് ഏറെ നേരം വൈദ്യുത തടസം നേരിട്ടു.