രാജ്യം ഭരിക്കുന്നത് 12ാം ക്ലാസുകാരൻ ; സ്വതന്ത്ര ഇന്ത്യയിൽ ഇതാദ്യം: അരവിന്ദ് കേജ്‌രിവാൾ


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം രാജ്യത്തെ തകര്‍ക്കുകയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ.12ാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള പ്രധാനമന്ത്രി സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മോദിക്ക് ഭരിക്കാനറിയില്ല. എന്നാല്‍, അദ്ദേഹത്തിന്റെ അഹങ്കാരം ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജ്യത്തെ തകര്‍ക്കുകയാണെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ രക്ഷിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ബി.ജെ.പി നേതാക്കള്‍ പാര്‍ട്ടി വിടണമെന്നും കെജ്രിവാള്‍ പറഞ്ഞു. രാജ്യം തകരണമെന്ന് ആഗ്രഗഹമുള്ളവര്‍ക്ക് ബി.ജെ.പിയില്‍ തുടരാം. രാജ്യത്തെ ജനാധിപത്യം അപകടത്തിലാണ്. ജനങ്ങള്‍ മുന്നോട്ടുവന്ന് ജനാധിപത്യത്തെ സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മോദി പരാമര്‍ശത്തില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിലാണ് കെജ്രിവാളിന്റെ പ്രതികരണം.
രാജ്യത്തെ 130 കോടി ജനങ്ങളും ജനാധിപത്യം സംരക്ഷിക്കാനായി മുന്നോട്ടുവരണം. ഏത് പാര്‍ട്ടിയാണ് അധികാരത്തിലെത്തുന്നത് പ്രശ്നമല്ല. രാജ്യത്തെ ജനാധിപത്യം കളങ്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുകയാണെന്നത് മാത്രമാണ് ഇപ്പോള്‍ പരിഗണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.