പ്രധാന വാര്‍ത്തകള്‍
രൂപയിലും ടാക്കയിലും വ്യാപാരം നടത്താനൊരുങ്ങി ഇന്ത്യയും ബംഗ്ലാദേശും
ന്യൂഡൽഹി: ഉഭയകക്ഷി വ്യാപാരത്തിന് യുഎസ് കറൻസിയായി ഡോളർ ഇനി ഉപയോഗിക്കേണ്ടതില്ലെന്ന് ഇന്ത്യയും ബംഗ്ലാദേശും തീരുമാനിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഇനി ഇന്ത്യൻ രൂപയിലും ബംഗ്ലാദേശിന്‍റെ ടാക്കയിലുമായിരിക്കും. ബെംഗളൂരുവിൽ നടന്ന ജി 20 രാജ്യങ്ങളുടെ ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളുടെയും പ്രതിനിധികളും ഈ വിഷയം ചർച്ച ചെയ്തു.
റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസും ബംഗ്ലാദേശ് ബാങ്ക് ഗവർണർ അബ്ദുർ റൗഫ് താലൂക്ദറും ചർച്ച നടത്തിയിരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ ഇത് ഉടൻ നടപ്പാക്കുമെന്നാണ് വിവരം.
രൂപയിലും ടാക്കയിലും വ്യാപാരം നടത്തുമ്പോൾ, കൺവേർഷൻ റേറ്റിൽ ഉണ്ടാവുന്ന കുറവ് ഇരു രാജ്യങ്ങളിലെയും വ്യാപാരികൾക്ക് ഗുണം ചെയ്യും. നിലവിൽ, യുഎസ് ഡോളറിൽ വ്യാപാരം ചെയ്യുകയും പിന്നീട് അത് രൂപയിലേക്കോ ടാക്കയിലേക്കോ മാറ്റുകയും വേണം.