പ്രധാന വാര്‍ത്തകള്‍
കൊച്ചിയിൽ ഇന്നും പുക; തീ അണച്ചെങ്കിലും ബ്രഹ്മപുരത്ത് നിന്നും പുക വമിക്കുന്നത് തുടരുന്നു
കൊച്ചി: കൊച്ചി നഗരം ഇന്നും പുകകൊണ്ട് മൂടി. കുണ്ടന്നൂർ, മരട്, വൈറ്റില മേഖലകളിലാണ് പുക രൂക്ഷമായത്. തീ അണച്ചെങ്കിലും ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരത്തിൽ നിന്ന് ഇപ്പോഴും പുക ഉയരുന്നതാണ് പ്രതിസന്ധിക്ക് കാരണം. പുക അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഇതിനായി വ്യോമസേനയുടെ ഹെലികോപ്റ്ററുകളിൽ നിന്ന് ഇന്ന് വെള്ളം തളിക്കും. നാല് മീറ്റർ വരെ താഴ്ചയിൽ ജെസിബി ഉപയോഗിച്ച് മാലിന്യം നീക്കി വെള്ളം പമ്പ് ചെയ്യുന്ന പ്രവർത്തനം തുടരുകയാണ്.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ സ്ഥിതി സാധാരണ നിലയിലാകുന്നതുവരെ നഗരത്തിലെ ജൈവമാലിന്യ സംസ്കരണത്തിനായി അമ്പലമേട്ടിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. കിൻഫ്രയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് ജൈവമാലിന്യങ്ങൾ താൽക്കാലികമായി സംസ്കരിക്കുക. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടം കൊച്ചി കോർപ്പറേഷന് നിർദേശം നൽകി. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കില്ല.