ഇന്ത്യയുടെ റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി സർവകാല റെക്കോര്‍ഡില്‍
ന്യൂഡല്‍ഹി: റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി എക്കാലത്തെയും ഉയർന്ന നിലയിൽ. ഫെബ്രുവരിയിൽ ഇന്ത്യ പ്രതിദിനം 16 ലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തത്. പരമ്പരാഗതമായി ഇന്ത്യയ്ക്ക് ക്രൂഡ് ഓയിൽ വിതരണം ചെയ്യുന്ന ഇറാഖിൽ നിന്നും സൗദിയിൽ നിന്നും സംയുക്തമായി ഇറക്കുമതി ചെയ്യുന്നതിനേക്കാൾ കൂടുതലാണിത്.
ഇന്ത്യ ഇറക്കുമതി ചെയ്യുന്ന മൊത്തം ക്രൂഡ് ഓയിലിന്‍റെ മൂന്നിലൊന്ന് റഷ്യയിൽ നിന്നാണ് വരുന്നതെന്ന് ഊർജ്ജ, ചരക്ക് ഇറക്കുമതി നിരീക്ഷകനായ വോർട്ടെക്സ പറയുന്നു. റഷ്യ-യുക്രൈൻ സംഘർഷത്തിന് മുമ്പ് റഷ്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി ഒരു ശതമാനത്തിൽ താഴെയായിരുന്നു. ഇപ്പോഴത് 35 ശതമാനമാണ്. യുക്രൈൻ അധിനിവേശത്തെത്തുടർന്ന് നിരവധി രാജ്യങ്ങൾ റഷ്യയ്ക്കെതിരെ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചു. ഇതോടെയാണ് റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യാൻ തുടങ്ങിയത്.
റഷ്യയിൽ നിന്നുള്ള ഇറക്കുമതി വർദ്ധിച്ചതിനാൽ സൗദി, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണ ഇറക്കുമതിയും ഗണ്യമായി കുറഞ്ഞു. നിലവിൽ ഇറാഖിൽ നിന്ന് പ്രതിദിനം 9,39,921 ബാരലും സൗദി അറേബ്യയിൽ നിന്ന് 6,47,813 ബാരലുമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. അമേരിക്കയെ മറികടന്ന് പ്രതിദിനം 4,04,570 ബാരൽ ഇറക്കുമതി ചെയ്യുന്ന നാലാമത്തെ വലിയ രാജ്യമായ യുഎഇ പ്രതിദിനം 4,04,570 ബാരൽ ഇറക്കുമതി ചെയ്യുകയാണ്. ഇറക്കുമതി ജനുവരിയിൽ 3,99,914 ബാരലിൽ നിന്ന് ഫെബ്രുവരിയിൽ 2,48,430 ബാരലായി കുറഞ്ഞു. ഇറാഖിൽ നിന്നും സൗദി അറേബ്യയിൽ നിന്നുമുള്ള ഇറക്കുമതി 16 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്.