ബെംഗളൂരു-മൈസൂരു ഗ്രീൻഫീൽഡ് ഹൈവേ; ഉദ്ഘാടനം 11ന് പ്രധാനമന്ത്രി നിര്‍വഹിക്കും
ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നിൽക്കെ പത്ത് വരി ബെംഗളൂരു-മൈസൂരു ഗ്രീൻഫീൽഡ് ഹൈവേയുടെ നിർമ്മാണം അവസാന ഘട്ടത്തിൽ. സംസ്ഥാനത്തെ ഏറ്റവും വലിയ വികസന പദ്ധതിയായി ബിജെപി സർക്കാർ ഉയർത്തിക്കാട്ടുന്ന റോഡ് മെയ് 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. റോഡ് തുറക്കുന്നതിൽ ഏറ്റവും സന്തോഷിക്കുന്നത് മലയാളികളാണ്.
മലബാറിൽ നിന്നുള്ളവർക്ക് ഏറ്റവും പ്രയോജനകരമാകുന്ന റോഡാണ് ബെംഗളൂരു-മൈസൂരു പത്ത് വരി ദേശീയപാത. 50,000 കോടി രൂപ ചെലവഴിച്ചാണ് 117 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡ് വികസിപ്പിച്ചിരിക്കുന്നത്. ആറ് വരി പ്രധാന ഹൈവേയും ഇരുവശത്തുമായി രണ്ട് വരി സർവീസ് റോഡുകളുമാണ് നിർമ്മിച്ചിട്ടുള്ളത്. ബെംഗളൂരുവിൽ നിന്ന് മൈസൂരിലേക്കുള്ള യാത്രാ സമയം നിലവിൽ 3 മുതൽ 4 മണിക്കൂർ വരെയാണ്. ഈ പാതയുടെ വരവോടെ ഇത് 1 മണിക്കൂർ 10 മിനിറ്റായി കുറയ്ക്കാൻ സാധിക്കും.
നാലിടങ്ങളിൽ ടോൾ ബൂത്തുകളുണ്ട്. മൈസൂരുവിൽ ജോലി ചെയ്യുന്ന മലപ്പുറം, വയനാട് ജില്ലകളിൽ നിന്നുള്ളവർക്ക് വെള്ളിയാഴ്ച വൈകുന്നേരം ഓഫീസിൽ നിന്നിറങ്ങി 10 മണിയോടെ വീട്ടിലെത്താം. മലബാറിന്‍റെ വികസനത്തിലേക്കുള്ള കവാടം കൂടിയാണ് ഈ റോഡ്. കൊല്ലങ്കോട്-കോഴിക്കോട് ദേശീയപാതയിലേക്ക് വളരെ വേഗത്തിൽ എത്താൻ കഴിയുന്ന ഹൈവേ കൂടിയാണിത്.