ഗ്രീസിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; 32 മരണം, 85 പേർക്ക് പരിക്ക്
ഏഥൻസ് : ഗ്രീസിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് 32 പേർ മരിച്ചു. 85 പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി 7:30 ഓടെ ഏഥൻസിൽ നിന്ന് വടക്കൻ നഗരമായ തെസ്സലോനിക്കയിലേക്ക് പോകുകയായിരുന്ന ഇന്‍റർസിറ്റി പാസഞ്ചർ ട്രെയിൻ മധ്യ ഗ്രീസിലെ ലാരിസ നഗരത്തിന് പുറത്ത് ഒരു ചരക്ക് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകട കാരണം വ്യക്തമല്ല. ഇടിയുടെ ആഘാതത്തിൽ പാസഞ്ചർ ട്രെയിനിന്‍റെ 4 ബോഗികൾ പാളം തെറ്റി. ചില ബോഗികൾക്ക് തീപിടിച്ചു. പലരും പൊള്ളലേറ്റാണ് മരിച്ചു. ഏഥൻസിൽ നിന്ന് പുറപ്പെട്ട പാസഞ്ചർ ട്രെയിനിൽ 350 ലധികം യാത്രക്കാർ ഉണ്ടായിരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 250 യാത്രക്കാരെ ബസുകളിൽ സുരക്ഷിതമായി തെസ്സലോനിക്കിയിൽ എത്തിച്ചു.
ഇറ്റാലിയൻ കമ്പനിയായ ഫെറോവി ഡെല്ലോ സ്റ്റാറ്റോ ഇറ്റാലിയൻ്റെ ഉടമസ്ഥതയിലുള്ളതാണ് പാസഞ്ചർ ട്രെയിൻ. ബോഗികൾക്ക് തീപിടിച്ചതിനെ തുടർന്ന് ഉയർന്ന പുക രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തി. കനത്ത പുകയ്ക്കിടയിൽ ട്രെയിനിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. രക്ഷപ്പെട്ട യാത്രക്കാരുടെ പ്രതികരണങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു. ഭൂകമ്പം പോലെ അനുഭവപ്പെട്ടുവെന്ന് രക്ഷപ്പെട്ടവരിൽ ഒരാൾ മാധ്യമങ്ങളോടു പറഞ്ഞു.