ചന്ദ്രയാൻ–3 വിക്ഷേപണം; നിർണായക മുന്നേറ്റം നടത്തി ഐഎസ്ആർഒ
ചെന്നൈ: ഇന്ത്യയുടെ ചാന്ദ്ര ഉപരിതല പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ -3ന്‍റെ തയ്യാറെടുപ്പുകളിൽ നിര്‍ണായക മുന്നേറ്റവുമായി ഐഎസ്ആർഒ. ക്രയോജനിക് എഞ്ചിൻ സിഇ -20 ന്‍റെ ഫ്ലൈറ്റ് ആക്സപ്റ്റന്‍സ് ഹോട്ട് ടെസ്റ്റ് വിജയകരമായി പൂർത്തിയായി. ഇതോടെ വിക്ഷേപണ വാഹനത്തിന്‍റെ നിർണായക പരീക്ഷണ ദൗത്യങ്ങൾ പൂർത്തിയായി.
ചന്ദ്രന്‍റെ ഇരുണ്ട ഭാഗമായ ദക്ഷിണധ്രുവത്തിന്‍റെ നിഗൂഢതകൾ തേടി പോയ ചന്ദ്രയാൻ -2 ന്‍റെ പിൻഗാമിയാണ് ചന്ദ്രയാൻ -3. ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിനിടെ തകർന്ന വിക്രം ലാൻഡറിനും പ്രയാൻ റോവറിനും പകരമുള്ള സംവിധാനങ്ങള്‍ മാത്രമാണ് ചന്ദ്രയാൻ -3ന് ഉള്ളത്. ‘ബാഹുബലി’ എന്ന് വിളിപ്പേരുള്ള എൽവിഎം -3 റോക്കറ്റിന്‍റെ മുകളിലുള്ള ക്രയോജനിക് എഞ്ചിനാണ് പരീക്ഷണ ഘട്ടം പിന്നിട്ടത്.
തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലെ പ്രൊപ്പൽഷൻ കോംപ്ലക്സിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പരീക്ഷണം നടത്തിയത്. എഞ്ചിൻ ആസൂത്രണം ചെയ്തതുപോലെ പ്രവർത്തിച്ചുവെന്ന് ഐഎസ്ആർഒ അറിയിച്ചു. കഴിഞ്ഞ മാസം ലാൻഡർ ഇലക്ട്രോ മാഗ്നറ്റിക് കാപ്പബിലിറ്റി വിജയകരമായി പൂർത്തിയാക്കിയിരുന്നു. ചന്ദ്രോപരിതലത്തിൽ ലാൻഡർ എങ്ങനെ പ്രവർത്തിക്കുമെന്ന് കണക്കാക്കാൻ യു.ആര്‍.റാവു സാറ്റലൈറ്റ് സെന്ററിലാണു പരീക്ഷണം നടത്തിയത്.