കെ.പി.സി.സി നല്‍കിയ പണം ഇഷ്ടക്കാര്‍ക്ക് വിതരണം ചെയ്തു. ലോക് ഡൗണ്‍ കാലത്ത് സമരം നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജപ്തി നോട്ടീസ്
കെ.പി.സി.സി നല്‍കിയ പണം ഇഷ്ടക്കാര്‍ക്ക് വിതരണം ചെയ്തു.ലോക് ഡൗണ്‍ കാലത്ത് സമരം നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജപ്തി നോട്ടീസ് .പാര്‍ട്ടി കൈവിട്ടതോടെ ലോക് ഡൗണ്‍ കാലത്ത് ജനകീയ വിഷയങ്ങള്‍ക്ക് വേണ്ടി സമരത്തിനിറങ്ങിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ജപ്തി ഭീതിയില്‍. പിഴയൊടുക്കാനും കേസ് നടത്താനും കെ.പി.സി.സി പണം നല്‍കിയെങ്കിലും പാര്‍ട്ടിയിലെ ഉന്നതരും നേതാക്കളും ഇത് പങ്കിട്ടെടുത്തതാണ് തിരിച്ചടിയായത്.
കേസില്‍ ഉള്‍പ്പെട്ട നേതാക്കളുടെ വീടും സ്ഥലവും അടക്കം ജപ്തി ചെയ്യുമെന്ന് കാട്ടിയാണ് കഴിഞ്ഞ ദിവസം കട്ടപ്പന കോടതിയുടെ നോട്ടീസ് പ്രവര്‍ത്തകര്‍ക്ക് ലഭിച്ചത്.
ലോക് ഡൗണ്‍ കാലത്തെ വൈദ്യുത ചാര്‍ജ് വര്‍ധനവ്, പി.പി.ഇ കിറ്റ് അഴിമതി, വാക്‌സിന്‍ ക്ഷാമം തുടങ്ങിയ വിഷയങ്ങളില്‍ സമരം നടത്തിയവരാണ് ഇപ്പോള്‍ കിടപ്പാടം പോലും നഷ്ടപ്പെടുമെന്ന ഭീതിയിലായിരിക്കുന്നത്.
ജില്ലയിലെ 30 ലേറെ യൂത്ത് കോണ്‍ഗ്രസ്- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് വിവിധ സമരങ്ങളുടെ പേരില്‍ അക്കാലത്ത് കേസ് രജിസ്റ്റര്‍ ചെയ്തത്.
നിരോധനം മറികടന്ന് സംഘം ചേരല്‍, രോഗം പകരാനുള്ള സാഹചര്യം ഒരുക്കല്‍, പോലീസിന്റെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രവര്‍ത്തകര്‍ക്കെതിരെ വിവിധ സമരങ്ങളില്‍ ചുമത്തിയിരിക്കുന്നത്. 144 അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകളും പലര്‍ക്കുമെതിരെ ചുമത്തിയിട്ടുണ്ട്.
ചില നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ 25 മുതല്‍ 28 കേസുകള്‍ വരെ നിലനില്‍ക്കുന്നുണ്ട്.
കോവിഡ് നിയന്ത്രണങ്ങള്‍ മാറിയെങ്കിലും കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകാതെ വന്നതോടെ കോടതി നടപടികളിലേക്ക് നീങ്ങുകയായിരുന്നു.
ജില്ലയിലെത്തിയ കെ.പി.സി.സി നേതാവ് കെ. സുധാകരന്‍ ഇക്കാര്യത്തില്‍ ഇടപെടുകയും ചെയ്തിരുന്നു. കേസ് നടത്തിപ്പ് പാര്‍ട്ടി ഏറ്റെടുക്കുമെന്ന് സുധാകരന്‍ പരസ്യമായി തന്നെ പ്രഖ്യാപിക്കുകയും ചെയ്തു. ഇതനുസരിച്ച് കെ.പി.സി.സി. ഡി.സി.സി.യിലേക്ക് പണം നല്‍കുകയും ചെയ്‌തെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഈ പണം ചില നേതാക്കളുടെ മാത്രം കേസുകള്‍ തീര്‍ക്കുന്നതിനായി വിനിയോഗിക്കുകയും യുവജന നേതാക്കളെ തഴയുകയുമായിരുന്നു.
വലിയ തുക മുടക്കി കേസ് സ്വന്തം നിലയില്‍ നടത്താന്‍ കഴിയാതെ വന്നതോടെയാണ് ഇപ്പോള്‍ കോടതി ജപ്തി നടപടികളിലേക്ക് കടന്നിരിക്കുന്നത്. പിഴ അടക്കം അടക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ വീടും പുരയിടവും അടക്കം ജപ്തി ചെയ്യുമെന്ന് കാട്ടിയാണ് കോടതിയുടെ നോട്ടീസ് ഇപ്പോള്‍ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചിരിക്കുന്നത്.