പ്രധാന വാര്‍ത്തകള്‍
വരാപ്പുഴ സ്ഫോടനം; നടുക്കം വിട്ടുമാറാതെ പ്രദേശവാസികൾ


കൊച്ചി: വരാപ്പുഴയിൽ സംഭവിച്ചത് വൻ സ്ഫോടനം. ഭൂചലനമാണെന്നാണ് കരുതിയതെന്ന് പ്രദേശവാസികൾ പറയുന്നു. പടക്കം സൂക്ഷിച്ചിരുന്ന ഒറ്റനില വീട് സ്ഫോടനത്തിൽ പൂർണമായും തകർന്നു.
സമീപത്തെ വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ജനൽച്ചില്ലുകൾ തകർന്നു. പ്രദേശത്തെ മരങ്ങൾ കത്തിനശിച്ചു. സംഭവസ്ഥലത്ത് നിന്ന് ഒന്നര കിലോമീറ്ററിലധികം അകലെ വരെ പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ വ്യക്തമാക്കുന്നു. അതേസമയം ഒരാളുടെ മൃതദേഹവും കണ്ടെടുത്തിട്ടുണ്ട്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
മൂന്ന് കുട്ടികൾ ഉൾപ്പെടെ ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ജില്ലാ കളക്ടർ രേണു രാജ് അറിയിച്ചു. രണ്ട് കുട്ടികളടക്കം നാലുപേരുടെ നില ഗുരുതരമാണ്. ഒരാളെ ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റിയതായും ആശുപത്രി അധികൃതർ അറിയിച്ചു.