പ്രണയം തകർക്കാൻ പോക്സോ കേസ്; അമിത ഭാരമെന്ന് ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്
കൊച്ചി; പ്രണയത്തെ തുടര്‍ന്നുള്ള പോക്സോ കേസുകള്‍ കോടതികള്‍ക്ക് അമിത ഭാരമായി മാറുകയാണെന്നു സുപ്രീം കോടതി ജഡ്ജിയും ജുവനൈല്‍ ജസ്റ്റിസ് കമ്മിറ്റി ചെയര്‍പഴ്സനുമായ ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്.കുട്ടികളുടെ സംരക്ഷണം ലക്ഷ്യമാക്കിയുള്ള വ്യവസ്ഥകള്‍ മുതിര്‍ന്നവര്‍ വളച്ചൊടിക്കുന്ന സന്ദര്‍ഭങ്ങളുണ്ട്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ആണ്‍കുട്ടി സ്വീകാര്യനല്ലെങ്കില്‍ പോക്സോ നിയമപ്രകാരം ഗുരുതര കുറ്റം ആരോപിക്കുന്ന സ്ഥിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുറ്റകൃത്യങ്ങളില്‍ കുട്ടികളുടെ പ്രായനിര്‍ണയം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. ഇക്കാര്യത്തില്‍ ആധുനിക സങ്കേതങ്ങള്‍ പ്രയോജനപ്പെടുത്തണം. പോക്സോ കേസില്‍ പ്രായപരിധി 18ല്‍ നിന്ന് 16 ആക്കണമെന്ന നിര്‍ദേശവുമുണ്ട്. ഇതില്‍ ചര്‍ച്ച വേണമെന്നും രവീന്ദ്ര ഭട്ട് കൂട്ടിച്ചേര്‍ത്തു. പോക്സോ കോടതികളിലെത്തുന്നവയില്‍ 25 % പ്രണയബന്ധത്തെ തുടര്‍ന്നുള്ള കേസുകള്‍ (റൊമാന്‍സ് കേസുകള്‍) ആണെന്ന് മഹാരാഷ്ട്രയില്‍ നടത്തിയ പഠനത്തിലുണ്ടെന്നു ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട് പറഞ്ഞു.
ബാലനീതി സംരക്ഷണത്തിനു മതിയായ നിയമങ്ങളുണ്ടെങ്കിലും ശരിയായ വിധം നടപ്പാക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം തടയല്‍ നിയമം, ബാലനീതി നിയമം, കുട്ടികളിലെ ലഹരി ഉപയോഗം തടയല്‍ തുടങ്ങിയ വിഷയങ്ങളില്‍ കേരള ഹൈക്കോടതിയുടെ നേതൃത്വത്തില്‍ നടക്കുന്ന റീജനല്‍ ജുഡീഷ്യല്‍ കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.