പോക്സോ കേസ് പ്രതിയെ അന്വേഷിച്ചു പോയ പോലീസുകാർ വഴിയറിയാതെ വനത്തിൽ കുടുങ്ങി
വണ്ടിപ്പെരിയാർ: പോക്സോ കേസ് പ്രതിയെ അന്വേഷിച്ചു പോയ പോലീസുകാർ വഴിയറിയാതെ വനത്തിൽ കുടുങ്ങി. സത്രം വനമേഖലയിൽ പ്രതിയെ തപ്പി ഇറങ്ങിയ റാന്നി പോലീസ് സ്റ്റേഷനിലെ നാലു പോലീസുകാരാണ് വനത്തിൽ കുടുങ്ങിയത്.
റാന്നിയിൽ പോക്സോ കേസിൽ പ്രതിയായ ജോയി എന്ന മലമ്പണ്ടാരം വിഭാഗത്തിൽപ്പെട്ട ആദിവാസി യുവാവിനെ അന്വേഷിച്ച് റാന്നി ഡിവൈ.എസ്.പി യുടെ നേതൃത്വത്തിൽ സി.ഐ, എസ് ഐ, ഉൾപ്പെട്ട എട്ടംഗ പോലീസ് സംഘമാണ് എരുമേലി റേഞ്ചിൽ ഉൾപ്പെട്ട വനത്തിലൂടെ വണ്ടിപ്പെരിയാർ സത്രം വനമേഖലയിൽ പ്രതിയെ തപ്പി എത്തിയത്. രണ്ടു സംഘങ്ങളായാണ് ഇവർ തിരച്ചിൽ നടത്തിയത്. റാന്നി ഡിവൈ.എസ്.പി സന്തോഷ് കുമാറും മൂന്നു പേരും അടങ്ങുന്ന സംഘവും മറ്റു നാല് പേരും അടങ്ങുന്ന സംഘവുമാണ് കാട്ടിലെത്തിയത്. ഇതിൽ ഡിവൈ.എസ്.പിക്കൊപ്പം ഉണ്ടായിരുന്ന പോലീസുകാരന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇവർ വനത്തിൽ ഇരുന്നു. മറ്റുള്ള നാല് പേര് പ്രതിയെ അന്വേഷിച്ച് മുന്നോട്ട് പോയി. ഇവരാണ് വഴിയറിയാതെ വനത്തിനുള്ളിൽ കുടുങ്ങിയത്. മൊബൈൽ റേഞ്ച് ഇല്ലാതെ വന്നതോടെ ഇവരുമായുള്ള സമ്പർക്കം നഷ്ടമായി.
നേരം വൈകിയതോടെ ഇവർ കാടിനുള്ളിൽ കുടുങ്ങിയ വിവരം അറിയിച്ചതിനെ തുടർന്ന് വണ്ടിപ്പെരിയാർ പൊലീസ്, പീരുമേട് അഗ്നി രക്ഷാ സേന, വനപാലകർ, നാട്ടുകാർ എന്നിവർ ചേർന്ന് ഉൾവനത്തിൽ തിരച്ചിൽ നടത്തി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനു ശേഷം എട്ടു മണിയോടെ ഇവരെ കണ്ടെത്തി. ഏറെ വൈകിയാണ് ഇവരെ വനാതിർത്തി കടത്തിയെത്തിച്ചത്.