മദ്യപിച്ച് വാഹനമോടിച്ചാൽ ഇനി യാതൊരു വിട്ടുവീഴ്ച്ചയുമില്ല; ലൈസൻസ് പോകും, പിഴയും കിട്ടും


മദ്യപിച്ചു വാഹനമോടിക്കുന്നവര്‍ സൂക്ഷിക്കുക. പിന്നാലെ പോലീസുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് വ്യാപകമായി നടത്തിയ പരിശോധനയില്‍ ജില്ലയില്‍ 598 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.കൊല്ലം സിറ്റി പോലീസിന്റെ പരിധിയില്‍ 296 കേസുകളും റൂറല്‍ പരിധിയില്‍ 302 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. 338 പേരുടെ ലൈസന്‍സ് റദ്ദ് ചെയ്യാനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്.
സിറ്റി പോലീസ് പരിധിയില്‍ 239 പേരുടെയും റൂറലില്‍ 99 പേരുടെയും ലൈസന്‍സുകളാണ് റദ്ദ് ചെയ്യാനായി മോട്ടോര്‍വാഹനവകുപ്പിനു കൈമാറിയിട്ടുള്ളത്. 239 പേരുടെ ലൈസന്‍സുകള്‍ കണ്ടുകെട്ടാനും നടപടി സ്വീകരിച്ചിട്ടുണ്ട്. രാത്രി ബാറുകള്‍ക്കുമുന്നില്‍ കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും നീണ്ടനിരയാണ്. പലരും മദ്യപിച്ചിട്ടാണ് വാഹനമോടിക്കുന്നത്. പരിശോധന കര്‍ക്കശമാക്കിയാല്‍ കണക്കുകളും ഇരട്ടിയായേനേ. കഴിഞ്ഞ ഉത്രാടദിനത്തില്‍ 1.05 കോടിയുടെയും പുതുവത്സരദിനത്തില്‍ 68.48 ലക്ഷം രൂപയുടെയും മദ്യം വാങ്ങി മുന്നിലെത്തിയതും കൊല്ലത്തുകാരാണ്.
പിഴ വരും എസ്.എം.എസ്സായി
വാഹനപരിശോധന ഹൈടെക് ആയതോടെ ഉടമകള്‍ അറിയാതെതന്നെ നിയമലംഘനങ്ങള്‍ക്കുള്ള പിഴ കുന്നുകൂടുന്നത് പതിവായിട്ടുണ്ട്. പരിശോധന ഡിജിറ്റല്‍ ആയതോടെ വാഹനം തടയുന്നത് കുറഞ്ഞു. അമിതവേഗമടക്കമുള്ള നിയമലംഘനങ്ങള്‍ വാഹനത്തിന്റെ ചിത്രം സഹിതം മോട്ടോര്‍വാഹനവകുപ്പിന്റെ ക്യാമറയില്‍ തെളിയും.
വകുപ്പിന്റെ വെബ്സൈറ്റില്‍ ചിത്രവും സമയവും സഹിതമുള്ള വിവരങ്ങള്‍ ആര്‍.ടി. രേഖകള്‍ക്കൊപ്പം രേഖപ്പെടുത്തും. പിഴ വന്നത് അറിയാതെപോയാല്‍ മോട്ടോര്‍വാഹനവകുപ്പിന്റെ സേവനങ്ങള്‍ക്കായി ഉടമയെത്തുമ്ബോഴാകും തുക ഒരുമിച്ച് അടയ്‌ക്കേണ്ടിവരിക. മോട്ടോര്‍വാഹനനിയമപ്രകാരം വലിയ തുകയാണ് പിഴയിനത്തില്‍ ഈടാക്കുന്നത്.