ഹവാല ഇടപാട് കേസ്; ജോയ് ആലുക്കാസിൻ്റെ 305 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
കൊച്ചി: 305 കോടിയുടെ ഹവാല കുഴൽപ്പണ ഇടപാട് കേസിൽ ജോയ് ആലുക്കാസ് വർഗീസിനെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) തുടർനടപടികൾ ആരംഭിച്ചു. കുറ്റം ചുമത്തുന്നതിന് മുമ്പ് ജോയ് ആലുക്കാസ് വർഗീസിന് ഇഡി അജ്യുഡിക്കേറ്റ് കമ്മിറ്റി ഉടൻ കാരണം കാണിക്കൽ നോട്ടീസ് നൽകും. ജോയ് ആലുക്കാസ് വർഗീസിന്‍റെ വീട് ഉൾപ്പെടെയുള്ള സ്വത്തുക്കൾ കഴിഞ്ഞ ദിവസം ഇഡി കണ്ടുകെട്ടിയിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് പറഞ്ഞു.
305 കോടിയിലധികം രൂപയുടെ കള്ളപ്പണം ജോയ് ആലുക്കാസ് വർഗീസ് ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് ഹവാല ചാനൽ വഴി കടത്തിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ദുബായിലേക്ക് കടത്തിയ കുഴൽപ്പണം ജോയ് ആലുക്കാസ് വർഗീസിന്‍റെ പൂർണ ഉടമസ്ഥതയിലുള്ള ജോയ് ആലുക്കാസ് ജ്വല്ലറി എൽഎൽസിയിലാണ് നിക്ഷേപിച്ചതെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
അന്വേഷണത്തിന്‍റെ ഭാഗമായി തൃശൂരിലെ വീട്ടിലും സ്ഥാപനത്തിലും ഇ.ഡി ഒരു ദിവസം നീണ്ട പരിശോധന നടത്തി രേഖകൾ കണ്ടെടുത്തിരുന്നു. ഈ രേഖകൾ പരിശോധിച്ചപ്പോൾ ഫെമ നിയമത്തിലെ സെക്ഷൻ 4 ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം ലംഘനം നടന്നതായി കണ്ടെത്തി. തുടർന്നാണ് സ്വത്ത് കണ്ട് കെട്ടിയത്. 305.84 കോടിരൂപയുടെ സ്വത്തുക്കളാണ് ഇഡി കണ്ട് കെട്ടിയത്.