ദുരിതാശ്വാസ നിധിയിലേക്കെത്തിയത് 4912.45കോടി രൂപ; ഇനിയും ചിലവാക്കാതെ 772.38 കോടി


തിരുവനന്തപുരം: ദുരിതാശ്വാസ നിധി വഴി സമാഹരിച്ച 4,912.45 കോടി രൂപയിൽ ഇനിയും ചിലവഴിക്കാതെ 772.38 കോടി രൂപ. പൊതുജനങ്ങളിൽ നിന്നും സാലറി ചലഞ്ചിലൂടെയുൾപ്പടെ പിരിച്ചെടുത്ത പണമാണ് ചിലവഴിക്കാതെ വച്ചിട്ടുള്ളത്.
2018ലെയും 2019ലെയും പ്രളയവും തുടർന്ന് കൊവിഡ് കാലത്തും കോടിക്കണക്കിന് രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത്. സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും പെൻഷൻകാരിൽ നിന്നും 2,865.4 കോടി രൂപ. സർക്കാർ ജീവനക്കാരുടെ സാലറി ചലഞ്ചിലൂടെ പിരിച്ചെടുത്തത് 1,229.89 കോടി രൂപയാണ്. ഉത്സവബത്ത 117.69 കോടി രൂപയും
മദ്യവില്പനയിലെ അധിക നികുതിയായി 308.68 കോടി രൂപയുമാണ് ലഭിച്ചത്. സംസ്ഥാന ദുരന്ത നിവാരണ വിഹിതമായ 107.17 കോടി രൂപ ഉൾപ്പെടെ ആകെ 4912.45 കോടി രൂപ സമാഹരിച്ചു.
ഇതിൽ 2,356.46 കോടി രൂപ ഭൂമിയും വീടും നഷ്ടപ്പെട്ടവർക്ക് നൽകി. സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം കുടുംബശ്രീ, പുനർഗേഹം പദ്ധതി, കൃഷി, റോഡുകൾ, സൗജന്യ കിറ്റ് തുടങ്ങി വിവിധ അക്കൗണ്ടുകളിലായി ആകെ 4140.07 കോടി രൂപ ചെലവഴിച്ചു. അതായത് 772.38 കോടി രൂപ ഇനിയും ബാക്കിയുണ്ട്. ലഭിച്ചവരിൽ തന്നെ അനർഹരായ ധാരാളം പേരുണ്ടെന്നാണ് വിജിലൻസ് അന്വേഷണ വിവരം സൂചിപ്പിക്കുന്നത്. ഫണ്ട് വിനിയോഗത്തിൽ മാത്രമല്ല, ഉപയോഗിച്ച തുകയുടെ സുതാര്യതയിലും വിശ്വാസം നഷ്ടപ്പെട്ടതിനാൽ സർക്കാർ പ്രതിരോധത്തിലാണ്.