ഉക്രൈൻ യുദ്ധം; ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തണമെന്ന് വോലോഡിമിർ സെലെൻസ്‌കി
കീവ്: ഉക്രൈനിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ചൈനയുടെ നിർദ്ദേശങ്ങൾ ചർച്ച ചെയ്യാൻ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗുമായി കൂടിക്കാഴ്ച നടത്താൻ ഉദ്ദേശിക്കുന്നതായി ഉക്രൈൻ പ്രസിഡന്‍റ് വോലോഡിമിർ സെലെൻസ്കി. റഷ്യൻ അധിനിവേശത്തിന്‍റെ ഒന്നാം വാർഷികത്തിലാണ് സെലെൻസ്കി തന്‍റെ നിലപാട് വ്യക്തമാക്കിയത്. ചൈന റഷ്യയ്ക്ക് ആയുധം നൽകില്ലെന്ന് വിശ്വസിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും സെലെൻസ്കി പറഞ്ഞു. അതേസമയം, ഇക്കാര്യത്തിൽ ചൈന ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല.
ഉക്രൈൻ-റഷ്യൻ യുദ്ധം തുടങ്ങി ഒരു വർഷത്തിന് ശേഷം ചൈനീസ് വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ 12 ഇന നിർദ്ദേശത്തിൽ, സമാധാനപരമായ ചർച്ചകളാണ് ഉക്രൈൻ പ്രതിസന്ധിക്ക് ഏക പരിഹാരമെന്ന് ചൈന വ്യക്തമാക്കിയിരുന്നു. റഷ്യ ഉക്രൈനിൽ നിന്ന് സൈന്യത്തെ പിൻവലിക്കണമെന്ന് പ്രത്യേകം പറയുന്നില്ല. എന്നിരുന്നാലും, ഏകപക്ഷീയമായ ഉപരോധങ്ങൾ ഉപയോഗിക്കുന്നതിനെ ചൈന അപലപിക്കുന്നു. ചൈനയുടെ സമാധാന നിർദ്ദേശങ്ങളെ റഷ്യ പ്രശംസിച്ചു.
യുഎന്നിൽ ഉക്രൈനിൽ വെടിനിർത്തൽ വേണമെന്നും സമാധാന ചർച്ചകൾ ആരംഭിക്കണമെന്നും ചൈന നിർദ്ദേശിച്ചിരുന്നു. റഷ്യയ്ക്ക് ആയുധങ്ങളും വെടിക്കോപ്പുകളും വിതരണം ചെയ്യുന്ന കാര്യം ചൈന പരിഗണിക്കുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ ഈ ആഴ്ച ആദ്യം പറഞ്ഞിരുന്നു. എന്നാൽ അമേരിക്കയുടെ വാദം ചൈന ശക്തമായി നിഷേധിച്ചു.