വിദ്യാർഥികളെ പൂട്ടിയിട്ടു; കാസര്‍കോട് ഗവ. കോളേജ് പ്രിന്‍സിപ്പാളിനെ ഒഴിവാക്കാൻ നിർദേശം
കാസര്‍കോട്: കാസർകോട് ഗവണ്മെന്‍റ് കോളേജിൽ കുടിവെള്ള പ്രശ്നം ഉന്നയിച്ച വിദ്യാർത്ഥികളെ ചേംബറിൽ പൂട്ടിയിട്ടെന്ന പരാതിയെ തുടർന്ന് കോളേജ് പ്രിന്‍സിപ്പാള്‍ എന്‍. രമയ്‌ക്കെതിരേ നടപടി. രമയെ പ്രിൻസിപ്പാൾ സ്ഥാനത്ത് നിന്ന് മാറ്റാൻ നിർദേശം നൽകിയതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. കോളേജ് വിദ്യാഭ്യാസ ഡയറക്ടർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
കുടിവെള്ള വിഷയത്തിൽ പ്രിൻസിപ്പാൾ വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് എസ്.എഫ്.ഐ. കഴിഞ്ഞ വ്യാഴാഴ്ച പ്രിൻസിപ്പാളിനെ ഉപരോധിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച മുതൽ കുടിവെള്ളത്തെച്ചൊല്ലി കോളേജിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. തിങ്കളാഴ്ച പ്രശ്നം പറയാനായി പ്രിൻസിപ്പാളിന്റെ മുന്നിൽ എത്തിയ വിദ്യാർത്ഥികളെ മുറിയിൽ പൂട്ടിയിട്ട് രമ പുറത്തേക്ക് പോവുകയായിരുന്നു. ഇതാണ് ഉപരോധം ഉൾപ്പെടെയുള്ള പ്രതിഷേധങ്ങൾക്ക് കാരണമായത്.
കോളേജിൽ വിതരണം ചെയ്യുന്ന വെള്ളം ചെളി കലർന്നതാണെന്നും കുടിക്കാൻ യോഗ്യമല്ലെന്നുമാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. ഇത് പരിശോധിച്ച് പരിഹാരം കാണണമെന്നായിരുന്നു ആവശ്യം. എന്നാൽ പരിശോധന നടത്തിയപ്പോൾ മാലിന്യം കലർന്നതായി കണ്ടെത്തിയില്ലെന്നും ഉപയോഗശൂന്യമല്ലെന്നുമ്മാണ് പ്രിൻസിപ്പാളിന്റെ വാദം.