സമ്പന്ന പട്ടികയിൽ ഏറ്റവും കൂടുതൽ നഷ്ട്ടം വന്നവരുടെ കൂട്ടത്തിൽ അംബാനിയും അദാനിയും
ന്യൂഡല്‍ഹി: ലോകത്തെ ധനികരുടെ പട്ടികയിൽ ഈ വർഷം ഏറ്റവും കൂടുതൽ സമ്പത്ത് നഷ്ടമായത് ഇന്ത്യൻ വ്യവസായികളായ മുകേഷ് അംബാനിക്കും ഗൗതം അദാനിക്കും. 2023 ലെ ബ്ലൂംബെർഗ് ബില്യണയേഴ്സ് സൂചിക പ്രകാരം ഗൗതം അദാനിയുടെ സമ്പത്ത് 78 ബില്യൺ ഡോളറിലധികം കുറഞ്ഞു. അതായത് ഏകദേശം 64 ലക്ഷം കോടി രൂപയുടെ നഷ്ട്ടം. അതേസമയം അംബാനിയുടെ ആസ്തി 5 ബില്യൺ ഡോളറിലധികം ഇടിഞ്ഞു. അതായത് ഏകദേശം 41,000 കോടി രൂപ. രണ്ട് ശതകോടീശ്വരൻമാർക്കും ഈ വർഷം മൊത്തം 83 ബില്യൺ ഡോളറാണ് നഷ്ടമായത്.
ഈ മാസം ആദ്യം മുകേഷ് അംബാനി ഗൗതം അദാനിയെ മറികടന്ന് ലോകത്തിലെ ഏറ്റവും ധനികനായ ഇന്ത്യക്കാരനായി മാറിയിരുന്നു. ബ്ലൂംബെർഗ് ബില്യണയേഴ്സ് സൂചിക പ്രകാരം മുകേഷ് അംബാനിയുടെ ആസ്തി 81.5 ബില്യൺ ഡോളറാണ്. ഗൗതം അദാനിയുടെ ആസ്തി 42.7 ബില്യൺ ഡോളറാണ്. ലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരന്മാരുടെ പട്ടികയിൽ 12ാം സ്ഥാനമാണ് അംബാനിക്കുള്ളത്. അതേസമയം, കഴിഞ്ഞ വർഷം ലോകത്തിലെ സമ്പന്നരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന അദാനി ഇപ്പോൾ 29-ാം സ്ഥാനത്താണ്.