കേരള കോണ്‍ഗ്രസ് ചെയര്മാന് പി ജെ ജോസഫിനെതിരെ ഗുരുതര ആരോപണവുമായി എം എം മണി എംഎല്‍എ
ഇടുക്കി: കേരള കോണ്‍ഗ്രസ് ചെയര്മാന് പി ജെ ജോസഫിനെതിരെ ഗുരുതര ആരോപണവുമായി എം എം മണി എംഎല്‍എ. ഇടുക്കിയിലെ മൂന്ന് സ്കൂളുകള്‍ക്ക് പ്ലസ്ടു അനുവദിക്കാന്‍ പി ജെ ജോസഫ് പണം ആവശ്യപ്പെട്ടുവെന്നാണ് ആരോപണം.സ്കൂളുകള്‍ ജോസഫിന്റെ പാര്‍ട്ടിക്കാര്‍ക്ക് പണം നല്‍കാത്തതിനെ തുടര്‍ന്ന് പ്ലസ് ടു നിഷേധിച്ചതായും എം എം മണി ആരോപിക്കുന്നു. ഇടുക്കിയില്‍ നടന്ന ഒരു സ്കൂള്‍ വാര്‍ഷിക യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് എം എം മണിയുടെ ഗുരുതര വെളിപ്പെടുത്തല്‍.
‘വി എസ് അച്ചുതാനന്ദന് സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് മന്ത്രിയായിരിക്കെയാണ് പി ജെ ജോസഫ് സ്കൂളുകള്‍ക്ക് പ്ലസ് ടു നിഷേധിച്ചത്. സ്കൂളുകള്‍ ജോസഫിന്റെ പാര്‍ട്ടിക്കാര്‍ക്ക് പണം നല്‍കാത്തതായിരുന്നു പ്ലസ് ടു അനുവദിക്കാത്തതിന് പിന്നിലെ കാരണം. ഈ കാലയളവില്‍ ഇടുക്കി സിപിഐഎം ജില്ലാ സെക്രട്ടറിയായിരുന്ന താന്‍ ഇടപെട്ടതിനെ തുടര്‍ന്ന് വി എസിന്റെ നിര്‍ദ്ദേശപ്രകാരം സ്കൂളുകള്‍ക്ക് പ്ലസ് ടു അനുവദിക്കുകയായിരുന്നുവെന്നും എം എം മണി വെളിപ്പെടുത്തുന്നു.
ചില സ്കൂളുകള്‍ പി ജെ ജോസഫിന്റെ പാര്‍ട്ടിക്ക് പണം നല്‍കിയതായി തനിക്ക് അറിയാമെന്നും എം എം മണി ആരോപിച്ചു. മന്ത്രിയായിരിക്കെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പണം ആവശ്യപ്പെടുകയും ഇത് നല്‍കാത്തതിനെ തുടര്‍ന്ന് ആനുകൂല്യങ്ങള്‍ നിഷേധിച്ചെന്നുളള ഗുരുതര ആരോപണമാണ് എം എം മണി ഉന്നയിച്ചിരിക്കുന്നത്.