അയ്യപ്പൻകോവിൽ പഞ്ചായത്ത് ആഫീസ് കോമ്പൗണ്ടിലിട്ട് മാലിന്യങ്ങൾ കത്തിച്ചതായി പരാതി.

ജൈവ മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും പ്രത്യേകം തരം തിരിച്ച് വയ്ക്കുകയും അവ കൃത്യമായി ഹരിത സേനാംഗങ്ങൾക്ക് കൈ മാറണമെന്ന് നാഴികയ്ക്ക് നാൽപ്പത് വട്ടം പറയുകയും ചെയ്യുന്ന യുഡിഎഫ് ഭരണം കൈയ്യാളുന്ന അയ്യപ്പൻ കോവിൽ ഗ്രാമ പഞ്ചായത്ത് തന്നെയാണ് ഇക്കഴിഞ്ഞ രാത്രിയിൽ പഞ്ചായത്ത് കോമ്പൗണ്ടിനുള്ളിൽ ഇട്ട് പ്ലാസ്റ്റിക് മാലിന്യങ്ങൾ അടക്കം കത്തിച്ച് നിയമ ലംഘനം നടത്തിയത്. വീടുകൾ സ്കൂളുകൾ വ്യാപാര സ്ഥാപനങ്ങൾ എന്നിവ പ്ലാസ്റ്റിക് കത്തിക്കുമ്പോൾ കർശന നടപടി സ്വീകരിക്കുകയും വ്യാപാര സ്ഥാപനങ്ങളിൽ നിന്നുമടക്കം പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പിടിച്ചെടുത്ത് പിഴചുമത്തി വരുന്ന ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപനം തന്നെയാണ് ചട്ടലംഘനവും നടത്തിയിട്ടുള്ളത്.
ഇക്കഴിഞ്ഞ 26 ന് രാത്രി എട്ട് മണിക്കു ശേഷമാണ് രണ്ട് ജീവനക്കാർ ചേർന്ന് ഗ്രാമപഞ്ചായത് ആഫീസിനു സമീപമുള്ള സ്ഥലത്തിട്ട് പ്ലാസ്റ്റിക് പേപ്പറുകൾ തുടങ്ങിയ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചത്. മാലിന്യത്തിന് തീ പിടിച്ചതോടുകൂടി ആളി കത്തും പോലെ തീ ആളിപടർന്ന് ഉയർന്ന് കത്തുകയായിരുന്നു തൊട്ടടുത്തു കൂടെ കടന്നുപോകുന്ന മലയോര ഹൈവേയിലൂടെ പോയ ചിലർ ബഹളം വച്ചതോടുകൂടി വെള്ളമൊഴിച്ച് ഇവർ തന്നെ തീ കെടുത്തുകയായിരുന്നു. ഇതിനു ശേഷം സംഭവത്തെക്കുറിച്ച് ഇതിലൊരു ജീവനകാരനോടു ചോദിച്ചപ്പോൾ സ്ഥലം മാറി പോകുന്ന മറ്റൊരു ജീവനകാരന്റ മുറിയിലുണ്ടായിരുന്ന മാലിന്യങ്ങളാണ് കത്തിച്ചതെന്നാണ് പറഞ്ഞത്.
മാലിന്യങ്ങൾ കത്തിച്ചതിനു ശേഷമുള്ള പുകയും ഗണ്ഡവും മണിക്കൂറുകളോളം അന്തരിക്ഷത്തിൽ തങ്ങി നിൽക്കുകയും ചെയ്തു. 18 അംഗങ്ങളുള്ള ഹരിത കർമ്മസേനയും എം സി എഫും മാലിന്യങ്ങൾ ശേഖരിച്ചു കൊണ്ടുപോകുന്നതിനുള്ള വാഹനവും മുൻ എൽ ഡി എഫ് ഭരണ സമിതിയുടെ കാലത്ത് തന്നെ നടപ്പിലാക്കിയിട്ടുള്ളതാണ് പ്ലാസ്റ്റിക് കുപ്പികളും മറ്റും ശേഖരിക്കുന്നതിനായി പഞ്ചായത്ത് ആഫിസ് കവാടത്തിനു സമീപം ഒരു ബോട്ടിൽ യൂണിറ്റും സ്ഥാപിച്ചിട്ടുണ്ട്.
കേരളോൽസവത്തോടനുബന്ധിച്ച് പഞ്ചായത്ത് ആഫീസ് പരിസരത്തു നിന്നും വെട്ടിമാറ്റിയ കാടും പടലങ്ങളും മലയോര ഹൈവേയിലെ നടപാതയിലേക്കു തള്ളിയതും വിവാദമായിരുന്നു.
അലക്ഷ്യമായി പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കത്തിക്കുമ്പോൾ കാർബൺ മോണോക്സൈഡും കാഡയോക്സൈഡും ഡയോക്സിനുകളും ഫ്യൂറാനുകളും ഹൈഡ്രജൻസൈനേഡ് അടക്കം വിഷമായി പുറത്തേക്കു വമിക്കുകയും മനുഷ്യർക്ക് ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കും ജന്തു ജീവജാലങ്ങൾക്കും പ്രകൃതിയുടെ ആവാസവ്യവസ്തിതിക്കു തന്നെ ഗുരുതര പ്രശ്നങ്ങൾ ഉളവാകും എന്നും അറിയാവുന്നവർ തന്നെയല്ലെ പഞ്ചായത്ത് ഭരണം കൈയ്യാളുന്നതെന്ന് നാട്ടുകാർ തന്നെ ചോദിക്കുകയാണിവിടെ. മാലിന്യങ്ങൾ കത്തിച്ച സ്ഥലത്തിന് ചുറ്റുവട്ടങ്ങളിലുമായി പിഞ്ചുകുട്ടികളടക്കം ഉള്ള നിരവധി കുടുംബങ്ങളാണ് താമസിച്ചു വരുന്നത്. കൂടാതെ ക്യാൻസർ അടക്കമുള്ള രോഗങ്ങളാൽ വലയുന്നവരും ഉണ്ടിവിടെ. പഞ്ചായത്തിന് ഒരു നിയമം, നാട്ടുകാർക്കും മറ്റുള്ളവർക്കും മറ്റൊരു നിയമം എന്നത് പാടില്ല, കുറ്റകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

















































































































































