San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ശബരിമലയിൽ അടിയന്തര ഘട്ടങ്ങളിൽ ജീവൻ രക്ഷാപ്രവർത്തനത്തിന് പരിശീലന ക്ലാസ്സ്  സംഘടിപ്പിച്ചു



മണ്ഡല മകരമഹോത്സവ കാലം തുടങ്ങിയശേഷം തീർത്ഥാടകർ കുഴഞ്ഞുവീണ കേസുകൾ 14. അടിയന്തിര ഘട്ടങ്ങളിൽ വൈദ്യസഹായം ലഭ്യമാക്കി ജീവൻ എങ്ങിനെ രക്ഷിക്കാം എന്ന ലക്ഷ്യം മുൻനിർത്തി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സന്നിധാനത്തും പമ്പയിലും പരിശീലന ക്ലാസും ഡെമൊൺസ്‌ട്രേഷനും സംഘടിപ്പിച്ചു. കുത്തനെ കയറ്റമുള്ള ശബരിമലയിൽ ഹൃദയാഘാതം സംഭവിക്കാനും കുഴഞ്ഞു വീഴാനും കൂടുതൽ സാധ്യതയുള്ളതിനാൽ ആശുപതിയിൽ എത്തിക്കുന്നത് വരെ ഹൃദയ-ശ്വാസകോശ പുനരുജ്ജീവനവും (സി.പി.ആർ) കൃത്രിമ ശ്വാസോച്ഛാസവും നൽകി എങ്ങിനെ ജീവൻ രക്ഷിക്കാം എന്നതായിരുന്നു പരിശീലനം.

ശബരിമലയിൽ കഴിഞ്ഞ മൂന്ന് വർഷത്തെ കണക്ക് പ്രകാരം  ഓരോ സീസണിലും 230 നും 250 നും ഇടയിൽ ഹൃദയാഘാത സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതായി ദേവസ്വം കോംപ്ലക്സിലെ കോൺഫറൻസ് ഹാളിൽ പരിശീലനം നയിച്ച ഇ.എം.സി മെഡിക്കൽ ഓഫീസർ ഡോ സജിൻ കെ. രജി പറഞ്ഞു.

തീർത്ഥാടകർ കുഴഞ്ഞു വീണ 65 കേസുകൾ കഴിഞ്ഞ സീസണിൽ ഉണ്ടായി. ഈ മണ്ഡല മകരമഹോത്സവ കാലം തുടങ്ങിയതിനുശേഷം  14 കേസുകൾ ഉണ്ടായി. ശബരിമല പോലെ അതീവ ദുർഘടമായ പ്രദേശത്തു ഒരാൾ കുഴഞ്ഞു വീണാൽ വൈദ്യസഹായം എത്തുന്നത് വരെ നിലച്ച ഹൃദയത്തെ ഉണർത്തി ജീവൻ രക്ഷിക്കാൻ സന്നിധാനത്ത് സേവനം ചെയ്യുന്ന എല്ലാ ജീവനക്കാരും സി.പി.ആർ നൽകുന്നതിൽ പരിശീലനം നേടണം.

പരിപാടി സ്‌പെഷ്യൽ ഓഫീസർ ജി. ജയദേവ് ഉദ്‌ഘാടനം ചെയ്തു. എ.എസ്.ഒ അച്യുത് അശോക്, ആരോഗ്യ വകുപ്പ് ജില്ലാ നോഡൽ ഓഫീസർ ഡോ. കെ.കെ ശ്യാം കുമാർ തുടങ്ങിയവർ സംസാരിച്ചു. പകർച്ചവ്യാധികൾ നേരിടാൻ എന്തു ചെയ്യണം, പാമ്പുകളുടെയോ മൃഗങ്ങളുടെയോ കടിയേറ്റാൽ എന്തു ചെയ്യണം, ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാൽ, അപസ്മാരം വന്നാൽ ചെയ്യേണ്ട വിധം എന്നിവയും ക്ലാസ്സിൽ വിശദീകരിച്ചു. പോലീസുകാർ, ദേവസ്വം ബോർഡ് ജീവനക്കാർ, മറ്റ്‌ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

സി.പി.ആർ നൽകേണ്ട വിധം

1.കുഴഞ്ഞു വീണ ആളെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റുക

2.ഇരുതോളിലും ശക്തമായി തട്ടിനോക്കുക. ആൾ പ്രതികരിക്കുന്നില്ലെങ്കിൽ സി.പി.ആർ തുടങ്ങുന്നതിന് തൊട്ടുമുമ്പ് അല്ലെങ്കിൽ ഉടനടി അടിയന്തര ആംബുലൻസ് നമ്പർ / അടുത്തുള്ള ആശുപത്രി) വിളിക്കുക.

3.സാധാരണ ശ്വാസോച്ഛാസം പരിശോധിക്കുക: തോളിൽ ശക്തമായി തട്ടി വിളിക്കുന്നതിനൊപ്പം രോഗി സാധാരണയായി ശ്വസിക്കുന്നുണ്ടോ എന്നും നോക്കുക (ശ്വാസം നിലയ്ക്കുകയോ അസാധാരണമായി വലിഞ്ഞു ശ്വസിക്കുകയോ ചെയ്യുന്നത് ഹൃദയസ്തംഭനത്തിന്റെ സൂചനയാണ്). തൊണ്ടയിൽ കൈവിരൽ വെച്ച് പൾസ് പരിശോധിക്കുക. പ്രതികരണമില്ലായ്മയും സാധാരണ ശ്വാസോച്ഛാസമില്ലായ്മയുമാണ് സി.പി.ആർ തുടങ്ങാനുള്ള പ്രധാന ലക്ഷണങ്ങൾ.

4.സിപിആർ നൽകൽ: നെഞ്ചിന്റെ മധ്യഭാഗത്തായി (രണ്ട് മുലക്കണ്ണുകൾക്കും ഇടയിലുള്ള ബ്രെസ്റ്റ് ബോണിന്റെ താഴത്തെ ഇടതു പകുതിയിൽ) കൈപ്പത്തിയുടെ അടിഭാഗം വെച്ച്, മറുകൈ മുകളിൽ വെച്ച് വിരലുകൾ കോർക്കുക. കൈമുട്ടുകൾ വളയാതെ നേരെ പിടിച്ച്, തോളിൽ നിന്നുള്ള ശക്തിയും ശരീരഭാരവും ഉപയോഗിച്ച് അമർത്തുക

5.മിനിറ്റിൽ 100 മുതൽ 120 തവണ എന്ന വേഗതയിൽ (ഏകദേശം സെക്കന്റിൽ രണ്ടെണ്ണം എന്ന നിരക്കിൽ) 5 മുതൽ 6 സെന്റിമീറ്റർ (ഏകദേശം 2–2.4 ഇഞ്ച്) ആഴത്തിൽ അമർത്തുക. ഓരോ തവണ അമർത്തിയ ശേഷവും നെഞ്ച് പൂർണ്ണമായി പഴയ നിലയിലേക്ക് ഉയരാൻ അനുവദിക്കണം; എങ്കിലേ ഹൃദയത്തിലേക്ക് രക്തം നിറയാൻ സാധിക്കൂ.

6.കൃത്രിമ ശ്വാസോച്ഛാസം: 30 തവണ നെഞ്ചിൽ അമർത്തിയ ശേഷം രണ്ട് തവണ കൃത്രിമ ശ്വാസോച്ഛാസം നൽകണം. തല പിന്നിലേക്ക് ചെരിച്ച് താടി ഉയർത്തി ശ്വാസനാളം തുറന്നുവെച്ച്, മൂക്ക് പൊത്തിപ്പിടിച്ച് ഓരോ ശ്വാസവും ഏകദേശം 1 സെക്കന്റ് വീതം (നെഞ്ച് ചെറുതായി ഉയരുന്നത് കാണുന്നതുവരെ) നൽകുക.

7.എപ്പോൾ വരെ തുടരണം: രോഗിക്ക് അനക്കമോ സാധാരണ ശ്വാസോച്ഛാസമോ തിരിച്ചുവരുന്നതുവരെ,  മെഡിക്കൽ സംഘം എത്തി ചികിത്സ ഏറ്റെടുക്കുന്നതുവരെ. അല്ലെങ്കിൽ തുടരാൻ കഴിയാത്തത്ര ശാരീരിക ക്ഷീണം ഉണ്ടാകുന്നതുവരെ സി.പി.ആർ തുടരുക (കൂടെ ആളുകളുണ്ടെങ്കിൽ ഏകദേശം ഓരോ 2 മിനിറ്റിലും മാറി അമർത്തുന്നത് ക്ഷീണം കുറയ്ക്കും)

8.ആംബുലൻസിൽ രോഗിയെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോവുകയാണെങ്കിൽ ആശുപത്രി എത്തുന്നത് വരെ ആംബുലൻസിൽ വെച്ചും
സി.പി.ആർ തുടരണം.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button